തൊടുപുഴ: നഗരത്തിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവൃത്തിച്ചുവന്നിരുന്ന ഹോട്ടൽ ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചുപൂട്ടി. നിർമാണത്തിലിരിക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം പ്രവൃത്തിച്ചിരുന്ന വെജിറ്റേറിയൻ ഹോട്ടലാണ് അടപ്പിച്ചത്. ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്നലെ നടത്തിയ പരിശോധനയിൽ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തു. ഹോട്ടലിന്റെ അടുക്കളയുൾപ്പെടെ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവൃത്തിച്ചിരുന്നത്. അടുക്കളയുടെ ഒരു ഭാഗത്തായാണ് ഹോട്ടലിലെ മാലിന്യം നിക്ഷേപിച്ചിരുന്നത്. തുറസായ ഓടയ്ക്കുമുകളിലാണ് പാകപ്പെടുത്തിയ ഭക്ഷണപദാർഥങ്ങൾ ഉൾപ്പെടെ സൂക്ഷിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. സ്റ്റോർറൂമിൽ നിന്ന് പഴകിയ പുളിയും കശുഅണ്ടിയും കണ്ടെടുത്തു. ഇതിന് സമീപം പ്രവൃത്തിരുന്ന മറ്റൊരു ഹോട്ടലിൽ നടത്തിയ പരിശോധനയിലും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തു. ഈ ഹോട്ടലിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് 12,000 രൂപ പിഴ ഈടാക്കി. ഭക്ഷ്യസുരക്ഷാ വിഭാഗം ഇടുക്കി അസിസ്റ്റന്റ് കമ്മിഷണർ ബെന്നി ജോസഫ്, തൊടുപുഴ സർക്കിൾ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസർ എം.എൻ. ഷംസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.