തൊടുപുഴ: ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. 28നാണ് വോട്ടെണ്ണൽ. മുന്നണികളെല്ലാം അവസാനവട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. തൊടുപുഴ നഗരസഭ 23ാം വാർഡിലെ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. യു.ഡി.എഫ് നാഗേശ്വരി അഭിലാഷിനെയും (ശ്രീക്കുട്ടി) എൽ.ഡി.എഫ് രാജി രാജനെയും ബി.ജെ.പി മായ.എ.നായരുമാണ് കളത്തിലിറക്കിയിരിക്കുന്നത്. കാഞ്ഞിരമറ്റം കൗൺസിലറായിരുന്ന ബി.ജെ.പി പ്രതിനിധി രേണുക രാജശേഖരന് സർക്കാർ ജോലി കിട്ടിയതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ തിരഞ്ഞടുപ്പിൽ 22ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു നാഗേശ്വരി അഭിലാഷ്. ഇടതുമുന്നണി സ്ഥാനാർഥി രാജി രാജൻ സി.പി.എം അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാകമ്മിറ്റിയംഗമാണ്. വാർഡിലെ താമസക്കാരിയായ മായ.എ.നായരും പൊതു രംഗത്ത് സജീവമാണ്.

ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റാണിത് കാഞ്ഞിരമറ്റം വാർഡ്. 322 വോട്ടുകൾക്കായിരുന്നു രേണുകയുടെ വിജയം. സി.പിഎമ്മായിരുന്നു തൊട്ട് പിന്നിൽ. ചിലപ്പോൾ നഗരസഭയിലെ മുന്നണി സമവാക്യങ്ങൾ മാറി മറിയാനും ഉപ തെരഞ്ഞെടുപ്പ് കാരണമായേക്കാം. 35 അംഗ നഗഗരസഭ കൗൺസിലിൽ യു.ഡി.എഫ്- 14, എൽ.ഡി.എഫ്- 13, ബി.ജെ.പി ഏഴ് എന്നിങ്ങനെയാണ് നിലവിൽ കക്ഷിനില. 14 അംഗങ്ങളുള്ള യു.ഡി.എഫിന് വിജയിക്കാനായാൽ ഒരാളുടെ കൂടി പിൻബലം ലഭിക്കും. എൽ.ഡി.എഫ് വിജയിച്ചാൽ അംഗസംഖ്യ യു.ഡി.എഫിനൊപ്പമാക്കാം. അങ്ങനെ വന്നാൽ ഇനി ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പുകളിൽ മത്സരമുണ്ടായാൽ ഇരുമുന്നണികൾക്കും തുല്യവോട്ടുകൾ വരാനും സാധ്യതയുണ്ട്. ഇങ്ങനെ വന്നാൽ നറുക്കെടുപ്പിന്റെ പിൻബലത്തിലാകും അധികാരം ലഭിക്കുക.

ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷനിൽ എൽ.ഡി.എഫ് പ്രതിനിധിയായിരുന്ന വിനീത അനിൽകുമാറിനും സർക്കാർ ജോലി കിട്ടിയതിന്റെ ഭാഗമായാണ് ഉപതിര‌ഞ്ഞെടുപ്പ് വേണ്ടി വന്നത്. എൽ.ഡി.എഫിന്റെ ഷീന ഹരിദാസും യു.ഡി.എഫിന്റെ ശ്രീജാ വേണുഗോപാലും ബി.ജെ.പിയുടെ ദീപ രാജേഷും തമ്മിലാണ് ഇവിടെ പോരാട്ടം. എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റാണിത്. കഴിഞ്ഞ തവണ 540 ആയിരുന്നു ഭൂരിപക്ഷം. 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ്- ഏഴ്, യു.ഡി.എഫ്- ആറ് എന്നതായിരുന്നു കക്ഷിനില. എൽ.ഡി.എഫ് അംഗം രാജിവെച്ചതോടെ തുല്യ നിലയായി. യു.ഡി.എഫ് ജയിച്ചാൽ എൽ.ഡി.എഫിന് ഭരണം നഷ്ടമാകും. എന്നാൽ, മണക്കാട് ഡിവിഷനിൽ ഉൾപ്പെടുന്ന അഞ്ച് പഞ്ചായത്ത് വാർഡുകളിൽ നാലും എൽ.ഡി.എഫിനാണ്. ഇത് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. ഇതിനിടെ ബി.ജെ.പി സ്ഥാനാർഥിയും ശക്തമായ പോരാട്ടം കാഴ്ച വച്ച് രംഗത്തുണ്ട്.

ഉപ്പുതറ പഞ്ചായത്ത്
കാപ്പിപ്പതാൽ വാർഡിലെ യു.ഡി.എഫ് പ്രതിനിധി ബിജു പോളിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ യു.ഡി.എഫിന് 90 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥിയായി എലിസബത്തും (ബീനാ സണ്ണി) യു.ഡി.എഫ് സ്ഥാനാർഥിയായി പി. നിക്‌സണും മത്സരിക്കുന്നു. ബി.ജെ.പിക്ക് സ്ഥാനാർത്ഥിയില്ല.

മാങ്കുളം പഞ്ചായത്ത്
സി.പി.എം അംഗം പി.കെ. രവീന്ദ്രൻ രാജിവെച്ച് കോൺഗ്രസിൽ ചേർന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ്. പി.കെ. രവീന്ദ്രന്റെ മകനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വിഷ്ണു രവീന്ദ്രൻ. കഴിഞ്ഞ തവണ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് ജയിച്ചത്. എൽ.ഡി.എഫിനാണ് പഞ്ചായത്ത്ഭരണം. ആറു വീതമാണ് നിലവിലെ കക്ഷിനില. എൽ.ഡി.എഫ് സ്ഥാനാർഥിയായി എസ്. സുനീഷും ബി.ജെ.പി സ്ഥാനാർത്ഥിയായി ഐ.കെ ശശിയും മത്സര രംഗത്തുണ്ട്.

ദേവികുളം ബ്ലോക്ക് കാന്തല്ലൂർ ഡിവിഷൻ

ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ഏരിയ കമ്മിറ്റിയംഗവുമായിരുന്ന എ. സുന്ദരത്തിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. കാന്തല്ലൂർ ഡിവിഷനിൽ ജയിക്കുന്നയാൾ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും. പട്ടികവർഗവിഭാഗത്തിനായി സംവരണം ചെയ്തതാണ് പ്രസിഡന്റ് സ്ഥാനം. ബ്ലോക്ക് പഞ്ചായത്തിലെ ഏക പട്ടികവർഗ സംവരണ വാർഡാണ് കാന്തല്ലൂർ ഡിവിഷൻ. 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ ഏഴ് സീറ്റുകൾ കോൺഗ്രസിനുണ്ടെങ്കിലും പട്ടികവർഗവിഭാഗത്തിൽപ്പെട്ട സി.പി.എമ്മിലെ എ. സുന്ദരത്തിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥിയായി ആർ രാധാകൃഷ്ണനും യു.ഡി.എഫ് സ്ഥാനാർഥിയായി എസ്. കന്ദസാമിയും ബി.ജെ.പി സ്ഥാനാർഥിയായി ശിവമുത്തുവുമാണ് മത്സരിക്കുന്നത്.