രാജാക്കാട്: ഭൂരഹിതരായ തൊഴിലാളികൾക്ക് ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് സി.പിഎമ്മിന്റെ നേതൃത്വത്തിൽ ചിന്നക്കനാൽ കുത്തുങ്കൽത്തേരിയിൽ ഭൂമി കൈയേറി കുടിൽ കെട്ടി നടത്തുന്ന സമരം തുടരും. ഇന്നലെ സമരസമിതി നേതാക്കളും ഉടുമ്പൻചോല തഹസിൽദാർ ജിജി എം. കുന്നപ്പിള്ളിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഭൂരഹിതരായവർക്ക് ഭൂമി നൽകുമെന്നും അതിനാൽ കൈയേറിയ ഭൂമിയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും റവന്യൂ ഉദ്യോഗസ്ഥർ സമരസമതി നേതാക്കളോട് ആവശ്യപ്പെട്ടു. എന്നാൽ ഭൂമി അളന്ന് തിരിച്ച് നൽകിയാൽ മാത്രമേ കായേറിയ ഭൂമിയിൽ നിന്ന് ഒഴിഞ്ഞു പോവുകയുള്ളൂവെന്ന് നിലപാട് നേതാക്കളും സ്വീകരിച്ചു. തുടർന്നാണ് സമാവായമാകാതെ ചർച്ച പിരിഞ്ഞത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എൻ. മോഹനൻ, സമരസമിതി കൺവീനർ വി.എക്‌സ്. ആൽബിൻ, ഒ.ജി. മദനൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.