തൊടുപുഴ: കാലവർഷം ആരംഭിച്ചതോടെ ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി, ഇഞ്ചിയാനി, ആനക്കയം പ്രദേശങ്ങളിൽ വൈദ്യുതിമുടക്കം പതിവായി. മഴയത്തും കാറ്റത്തും കറണ്ട് പോയാൽ പിന്നെ ദിവസങ്ങൾ കഴിയാതെ ഇവിടെ വിതരണം പുനസ്ഥാപിക്കാറില്ല. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ അയ്യമ്പാറ ഭാഗത്ത് മരങ്ങൾ വൈദ്യുതിക്കമ്പിയിലേക്ക് വീഴുകയും ഈ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം നിലയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ മരങ്ങൾ വെട്ടി മാറ്റുകയും ചെയ്തു. എന്നാൽ ഈ സമയത്ത് സംഭവം സ്ഥലത്തുണ്ടായിരുന്ന വൈദ്യുതി ബോർഡിന്റെ ആലക്കോട് സെക്ഷനിലെ ജീവനക്കാർ വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
തൊടുപുഴയിൽ നിന്നുള്ള 11 കെ.വി ലൈനിൽ നിന്നാണ് അഞ്ചിരിപ്രദേശത്തേയ്ക്ക് വൈദ്യുതികൊണ്ടു പോകുന്നത്. ഇതിൽ അഞ്ചിരി കുട്ടപ്പൻകവല വരെ ലൈനിൽ തകരാർ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ആലക്കോട് സെക്‌ഷന്റെ കീഴിൽ വരുന്ന അയ്യമ്പാറ, അഞ്ചിരി, കുട്ടപ്പൻകവല എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പുനസ്ഥാപിക്കാമായിരുന്നിട്ടും അധികൃതർ അതിന് തയ്യാറായില്ല. പകരം സംവിധാനമൊരുക്കാൻ മാർഗ്ഗമില്ലെന്നും പ്രദേശത്ത് വൈദ്യുതി മുടങ്ങാതിരിക്കാൻ തൊടുപുഴയ്ക്ക് പുറമേ മുട്ടം, ഉടുമ്പന്നൂർ സബ് സ്റ്റേഷനുകളിലെ ലൈനുകളിൽ നിന്ന് ഈ പ്രദേശത്തേക്ക് വൈദ്യുതി എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ബോർഡ് അധികൃതർ അന്ന് പറഞ്ഞത്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല.
അഞ്ചിരി പ്രദേശത്തെ ആലക്കോട് സെക്ഷന്റെ കീഴിലേക്ക് മാറ്റിയതോടെ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് പ്രതിസന്ധിയിലായത്. നേരത്തേ ഇവിടം തൊടുപുഴ സെക്ഷന്റെ കീഴിലായിരുന്നു. അന്ന് ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കൃത്യസമയത്ത്
തകരാറുകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ല. ആലക്കോട്,വെള്ളിയാമറ്റം പഞ്ചായത്തുകളും,ഇടവെട്ടി പഞ്ചായത്തിന്റെ കുറെ ഭാഗവും ഉൾപ്പെടുന്നതാണ് ആലക്കോട് സെക്ഷൻ. വെള്ളിയാമറ്റത്തും ആലക്കോട്ടും ആനക്കയത്തും ഒരേ ദിവസം തകരാർ ഉണ്ടായാൽ അതിൽ ഏതെങ്കിലും ഒന്നുമാത്രമാണ് യഥാസമയം പരിഹരിക്കപ്പെടുന്നുള്ളൂ.
കാർഷികമേഖലയായ ഈ പ്രദേശത്ത് വൈദ്യുത തകരാറുണ്ടായാൽ എല്ലായിടത്തും ഓടിയെത്താനുള്ള ജീവനക്കാർ ഇല്ലാത്തതാണ് പ്രധാന പ്രശ്നമെന്ന് ജീവനക്കാർ പറയുന്നു. അഞ്ചിരി, ആനക്കയം പ്രദേശത്തെ ആലക്കോട് സെക്ഷന് കീഴിൽ നിന്ന് മാറ്റി, പഴയതു പോലെ തൊടുപുഴയ്ക്കു കീഴിലാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.