soil
നിർമിതികേന്ദ്രയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കലവറയിലെ മണൽ കാടുകയറി നശിച്ചനിലയിൽ.

ചെറുതോണി: മണൽക്ഷാമം മൂലം നിർമ്മാണപ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുമ്പോൾ ഇവിടെ നാശത്തിന്റെ വക്കിൽ കിടക്കുന്നത് ലോഡ് കണക്കിന് മണലാണ്. ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിർമിക്കുന്നവർ മണൽ കിട്ടാതെ നിർമാണം നിറുത്തി വച്ചിരിക്കുമ്പോഴാണ് സർക്കാർ ഉടമസ്ഥതയിൽ പൈനാവിൽ പ്രവർത്തിപ്പിക്കുന്ന നിർമിതി കേന്ദ്രത്തിലെ കലവറയിലാണ് അൻപത്‌ലോഡിലധികം മണൽ കാടുകയറി നശിക്കുന്നത്. അനധികൃതമായി വാരുന്ന മണൽ റവന്യൂ , പൊലീസ്, വനപാലകർ എന്നിവർ പിടികൂടുന്നതാണ് കലവറയിൽ സൂക്ഷിക്കുന്നത്. ഈ മണൽ വീടുവയ്ക്കുന്നതിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന വിലയ്ക്ക് നിർമിതി വഴി നൽകാനാണ് സർക്കാർ തീരുമാനം. ആവശ്യമുള്ളവർ വീട് പണിയുന്നതിന് പഞ്ചായത്തിൽ നിന്നോ മുനിസിപ്പാലിറ്റിയിൽനിന്നോ ലഭിച്ച അനുമതിപത്രത്തിന്റെ പകർപ്പും കെട്ടിടത്തിന്റെ പ്ലാൻ സഹിതം അപേക്ഷ നൽകണം.ആറുലോഡുവരെ ഒരാൾക്കു നൽകും.നിർമിതിയിൽ നിന്നു മണൽ ലഭിക്കുന്ന വിവരംസാധാരണ ജനങ്ങൾക്കറിയാത്തതാണ് മണൽ വാങ്ങാൻ ആളുകളെത്താത്തതെന്ന് പറയപ്പെടുന്നു. നിർമിതിയുടെ കലവറയിൽ സൂക്ഷിക്കുന്ന മണൽ വേണ്ട രീതിയിൽ സംരക്ഷിക്കാത്തതിനാൽ കാടുകയറി നശിക്കുകയാണ്. മണലും മണ്ണുമായി ചേർന്നതിനാലാണ് പലരും വാങ്ങാൻ മടിക്കുന്നത്.

പകൽ വാരിയിടും രാത്രിയിൽ കടത്തും

പനംകൂട്ടി, പാംബ്ല, കരിമ്പൻ എന്നിവിടങ്ങളിൽ നിന്നു അനധികൃതമായി മണൽ വാരുന്നുണ്ട്. പകൽ വാരിയിടുന്ന മണൽ രാത്രി കാലങ്ങളിലാണ് കടത്തുന്നത്. പലപ്പോഴും ഉദ്യോഗസഥർ പടിവാങ്ങി മണൽ കടത്തി വിടുകയാണെന്ന പരാതി നിലനിൽക്കുന്നുണ്ട്. അനധികൃതമായി കടത്തുന്നത് പിടികൂടുന്നതിൽ ജാഗ്രത കാട്ടിയാൽ ഇപ്പോൾ കലവറയിൽ എത്തുന്ന മണലിന്റെ എത്രയോ ഇരട്ടി ഇവിടെയെത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വില തുച്ഛം

ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഒരു ക്യുബിക് അടിക്ക് 35 രൂപയും എ.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് 39 രൂപയ്ക്കുമാണ് നൽകുന്നത്. മണൽ കൂടാതെ മിറ്റൽ , കരിങ്കല്ല് എന്നിവയും കലവറയിൽ ലഭ്യമാണ്.