പീരുമേട്:പാഞ്ചാലിമേട്ടിൽ റവന്യൂ ഭൂമി കയ്യേറി സ്ഥാപിച്ച ഇരുമ്പ് കുരിശുകൾ നീക്കും വരെ സമരം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് വി. ആർ രാജശേഖരൻ പറഞ്ഞു. പാഞ്ചാലിമേട് ക്ഷേത്ര ദർശനത്തിനായാണ് വി. എച്ച്. പി നേതാക്കൾ രാവിലെ 10 മണിയോടെ പാഞ്ചാലിമേട്ടിൽ എത്തിയത്. പൊലീസ് പ്രവേശന കവാടത്തിൽ തടഞ്ഞുവെങ്കിലും ക്ഷേത്ര ദർശനത്തിനാണന്ന് അറിയിച്ചതോടെ അനുവദിക്കുകയായിരുന്നു. ക്ഷേത്ര ദർശനം നടത്തിയ നേതാക്കൾ പാഞ്ചാലിക്കുന്നും സന്ദർശിച്ചാണ് മടങ്ങിയത്..പാഞ്ചാലിമേട്ടിൽ ആത്മീയ ടൂറിസം നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് പാഞ്ചാലിമേട്ടിൽ 22 ഏക്കർ ഭൂമിയുണ്ടെന്നും സർക്കാർ ഭൂമി കയ്യേറിയ കുരിശുകൾ സംരക്ഷിക്കാനാണ് ഡി. ടി. പി. സിയും ഇവിടെ ടൂറിസം വികസനം നടത്തുന്നത്.അടുത്ത മാസം നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം സമാന ചിന്താഗതിയുള്ള ഹൈന്ദവ സംഘടനകളെ ചേർത്ത് പാഞ്ചാലിമേട് കർമ്മസമിതിക്ക് രൂപം നൽകുമെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന സഹ സേവാപ്രമുഖ് പി. എം. രവികുമാർ, മാതൃശക്തി സംസ്ഥാന സമിതി അംഗം അംബികാ തമ്പി ,ജില്ലാ ഭാരവാഹികൾ തുടങ്ങിയവരും എത്തിയിരുന്നു..