മറയൂർ: ആന്ധ്രയിൽ റിമാൻഡിലായ മലയാളിയായ ചിറ്റൂർ ചന്ദന ഫാക്ടറി ഉടമ ഹസ്‌ക്കറിനെ മറയൂരിലെത്തിച്ചു. മറയൂർ ചന്ദന കേസിൽ ഉൾപ്പെട്ട ഹസ്‌കറിനെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മറയൂർ റേഞ്ച് ഓഫീസർ ദേവികുളം കോടതിയിൽ നല്കിയ അപേക്ഷയിൽ ലഭിച്ച പ്രൊഡക്ഷൻ വാറണ്ട്പ്രകാരമാണ് ഹസ്‌ക്കറിനെ കസ്റ്റഡിയിൽ വാങ്ങിയത്. ആന്ധ്രാപ്രദേശ് ചിറ്റൂർ ബൊമ്മ സമുദ്രത്തിൽ അനധികൃതമായി ചന്ദനം ശേഖരിച്ച് വച്ച് തൈലം ഉല്പാപാദിപ്പിച്ച ഫാക്ടറിയുടെ ഉടമസ്ഥനാണ് മലയാളിയായ മലപ്പുറം മഞ്ചേരി വളപ്പിൽ വീട്ടിൽ ഹസ്‌ക്കർ (46). മറയൂർ ചന്ദനക്കാടുകളിൽ നിന്നും വ്യാപകമായി 10 വർഷത്തിലധികം കോടികൾ വിലമതിക്കുന്ന ചന്ദനം വെട്ടി കടത്തിയ മലപ്പുറം സ്വദേശി ഷൊഹൈബ് ചന്ദനം എത്തിച്ചു നല്കിയിരുന്നത് ഹസ്‌ക്കറിന്റെ ഫാക്ടറിയിലാണ്.ഷൊഹൈബിനെ മലപ്പുറത്ത് വീട്ടിൽ നിന്നും മറയൂർ വനം വകുപ്പ് അധികൃതർ പിടികൂടിയിരുന്നു.ഇയ്യാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്ധ്ര ചിറ്റൂരിലെ ഹസ്‌ക്കറിന്റെ ഫാക്ടറിയിൽ നിന്നും 720 കിലോ ചന്ദനം പിടികൂടിയിരുന്നു. കോടതിയിൽ ജൂലായ് 3 വരെ റിമാൻഡു ചെയ്തിരുന്നു. മറയൂർ റെയ്ഞ്ച് ഓഫീസർ ജോബ്. ജെ.നര്യം പറമ്പിൽ, ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസർമാരായ എ. നിസാം, പി.എസ്.സജീവ് ,എസ്.എഫ്.ഒ റ്റി.സജിമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചിറ്റൂരിലെത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.