custody-death

രാജാക്കാട്: റിമാൻഡ് പ്രതി രാജ്കുമാർ (54) പീരുമേട് സബ് ജയിലിൽ മരണമടഞ്ഞ സംഭവത്തിൽ മൂന്ന് പൊലീസുകാരെ കൂടി സ്ഥലം മാറ്റി. ഇതോടെ സ്ഥലം മാറ്റിയവരുടെ എണ്ണം എട്ടായി. നെടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കാൻ കട്ടപ്പന ഡിവൈ.എസ്.പിക്ക് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകി.

പ്രതി കസ്റ്റഡിയിലുണ്ടായിരുന്ന ദിവസങ്ങളിൽ സ്റ്റേഷൻ ചുമതല വഹിച്ചിരുന്ന എ.എസ്.ഐ റോയി, സി.പി.ഒ മാരായ ശ്യാംകുമാർ, സന്തോഷ് എന്നിവരെയാണ് എ.ആർ ക്യാമ്പിലേക്കു മാറ്റിയത്.

ജി.ഡി റജിസ്റ്റർ അടക്കമുള്ള രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ഈ ദിവസങ്ങളിൽ ജോലി ചെയ്ത മുഴുവൻ ഉദ്യോഗസ്ഥരിൽ നിന്നും സംഘം വിവരങ്ങൾ തേടും. സംസ്ഥാന ഇന്റലിജൻസ് ഡിവൈ.എസ്.പി ജിൽസൻ മാത്യു നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തി രാജ്കുമാറിനെ ചികിത്സിച്ച ദിവസങ്ങളിലെ വിവരങ്ങൾ ശേഖരിച്ചു.

നാല് ദിവസം കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി കുഴഞ്ഞ് വീണപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഇയാളെ ചോദ്യം ചെയ്യാൻ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയെന്നും ഇവിടെ പീഡനം നടന്നെന്നുമാണ് ആരോപണം. ഹൃദ്രോഗിയാണെന്നും പതിവായി മരുന്ന് കഴിക്കുന്നതാണെന്നും രാജ്കുമാർ പൊലീസിനോട് പറഞ്ഞിരുന്നു.

ജൂൺ 12 ന് ആണ് ഹരിത ഫൈനാൻസ് ഉടമയും തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയുമായ രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തത്. 15 ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 16 ന് കോടതിയിലും പീരുമേട് സബ് ജയിലിലും എത്തിച്ച ഇയാൾക്ക് 21 ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

രാജ്കുമാറിന് ഇടപാടുകാരിൽ
നിന്ന് മർദ്ദനം ഏറ്റെന്നും പരാതി

വായ്പ്പാത്തട്ടിപ്പ് വെളിച്ചത്തായതോടെ ക്ഷുഭിതരായ ഇടപാടുകാർ രാജ് കുമാറിനെ മർദ്ദിച്ചെന്ന് പറയപ്പെടുന്നു. അവശനായ ഇയാളെ പൊലീസിന് കൈമാറുകയായിരുന്നുവെന്നും ആരോപണമുണ്ട്. ഇതേപ്പറ്റിയും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.