ഭൂമി നൽകുന്ന കാര്യം ഒരു മാസത്തിനുള്ളിൽ തീരുമാനിക്കും

തിങ്കളാഴ്ച മുതൽ സർവ്വേ നടപടി

രാജാക്കാട്: തൊഴിലാളികൾക്ക് ഭൂമി നൽകുന്ന കാര്യത്തിൽ ഒരു മാസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന ഉറപ്പിൽ ചിന്നക്കനാലിൽ സി.ഐ.ടി. യു നടത്തിവന്നിരുന്ന ഭൂസമരം അവസാനിപ്പിച്ചു. ജില്ലാ കളക്ടറർ നേതാക്കളുമായി നടന്ന ചർച്ചയിൽ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. വീടും സ്ഥലവും ഇല്ലാത്ത തോട്ടം തൊഴിലാളികൾക്ക് പത്തുസെന്റ് സ്ഥലവും വീടും ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.എം നേതൃത്വം നൽകുന്ന എച്ച്.ആർ.ടി.ടി യൂണിയന്റെ നേതൃത്വത്തിൽ ചിന്നക്കനാൽ വില്ലേജ് ഓഫീസിന് മുമ്പിൽ സമരം ആരംഭിച്ചത്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും സർക്കാർ തലത്തിൽ വേണ്ട ഇടപെടൽ ഉണ്ടാകാതെ വന്നതോടെയാണ് തൊഴിലാളികൾ ചിന്നക്കനാൽ സൂര്യനെല്ലി അടക്കമുള്ള മൂന്ന് പ്രദേശത്ത് തരിശായി കിടക്കുന്ന റവന്യൂ ഭൂമി കയ്യേറി കുടിൽകെട്ടിയിരുന്നു.ഇന്നലെ കളക്ടർ സമരക്കാരുമയി ചർച്ച നടത്തിയത്. സി.പി. എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ, സെക്രട്ടറിയേറ്റംഗം വി.എൻ മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിലായിരുന്നു ചർച്ച. ഭൂരഹിതരായ മുഴുവൻ തൊഴിലാളികളും ജില്ലാ ഭരണകൂടം നൽകിയിരിക്കുന്ന ഫോറത്തിൽ അപേക്ഷ സമർപ്പിക്കുവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.. 40 അംഗ സർവ്വേ സംഘത്തെ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനായി ചുമതലപ്പെടുത്തിയിട്ടുമുണ്ട്. തിങ്കളാഴ്ച മുതൽ ഇവർ സർവ്വേ ആരംഭിക്കും. ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കും. തുടർന്നാണ് തൊഴിലാളികൾക്ക് ഭൂമി നൽകുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം ഉണ്ടാകുക. ചർച്ച വിജയിച്ച സാഹചര്യത്തിൽ റവന്യൂ ഭൂമിയിൽ കെട്ടിയികരിക്കുന്ന മുഴുവൻ കുടിലുകളും പൊളിച്ച് നീക്കുന്നതിന് സമരക്കാർക്ക് മൂന്ന് ദിവസ്സത്തെ സമയവും അനുവദിച്ചിട്ടുണ്ട്.