തൊടുപുഴ: ഹൈടക് റോഡായി മാറിയ വെങ്ങല്ലൂർ- കോലാനി ബൈപാസിൽ അപകടം നിത്യസംഭവമാകുന്നു. ദിവസവും വലുതും ചെറുതുമായ നിരവധി അപകടങ്ങളാണ് ഈ പാതയിലുണ്ടാകുന്നത്. ബൈപ്പാസ് വന്നതോടെ പാലാ- വൈക്കം ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഊന്നുകല്ല് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് ടൗണിൽ കയറാതെ വിവിധയിടങ്ങളിലേക്ക് പോകാമെന്നതാണ് മെച്ചം. മികച്ച റോഡായതിനാൽ വാഹനങ്ങൾ അമിതവേഗതയിൽ സഞ്ചരിക്കുന്നതോടെ അപകടങ്ങൾ പെരുകുകയാണ്.

യുവാക്കൾ ബൈക്കുകളിൽ ട്രാഫിക് നിയമങ്ങളൊന്നും പാലിക്കാതെ ചീറിപായുന്നതും അപടകങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. രാത്രി ഏഴു മണിക്ക് ശേഷം വലിയ ശബ്ദത്തിൽ ബൈക്കുകൾ ഇരപ്പിച്ച് വിദ്യാർത്ഥികൾ മത്സരയോട്ടം നടത്തുന്നത് നിത്യകാഴ്ചയാണ്. പലപ്പോഴും ഇവരുടെ പരക്കംപാച്ചിലിൽ അപകടമുണ്ടാകുന്നത് സാധാരണക്കാർക്കും കാൽനടക്കാർക്കുമാണ്. മോട്ടോർ വാഹന വകുപ്പിന്റെ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധന നടക്കുമ്പോഴാണ് ഇത്തരം വാഹനങ്ങൾ ചീറിപ്പായുന്നത്. രാവിലെ 10 മുതൽ 12 വരെ പൊലീസ് വാഹനപരിശോധന നടത്തുന്നുണ്ടെങ്കിലും അപകടങ്ങളുടെ എണ്ണം കുറയ്ക്കാനാകുന്നില്ല. പ്രദേശവാസികൾ പരാതി പറഞ്ഞിട്ടും ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾ പിടിക്കുന്നതിന് യാതൊരു മാർഗവും തങ്ങൾക്കില്ലെന്നും നമ്പർ പ്ലേറ്റുകൾ മറച്ചു വച്ചാണ് ഇത്തരക്കാർ വാഹനമോടിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വൈകുന്നേരങ്ങളിൽ അമിതഭാരവുമായെത്തുന്ന തടിലോറുകൾക്ക് പിഴ ഈടാക്കുന്നത് പതിവാണ്. എന്നാൽ മറ്റ് വാഹനങ്ങളൊന്നും പരിശോധിക്കാൻ തയ്യാറാകുന്നില്ല. വൈകുന്നേരങ്ങളിൽ പൊലീസിന്റെ നേതൃത്വത്തിൽ ഇവിടെ കർശന പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.