രാജാക്കാട് : ആൾത്താമസമില്ലാത്ത വീട് കാട്ടാന തകർത്തു.രാജകുമാരി മഞ്ഞക്കുഴിയിൽ പള്ളിയംപുറം ജോർജ്ജ്കുട്ടിയുടെ വീടാണ് തകർത്തത്. കാട്ടാന ശല്ല്യം മൂലം വീട്ടുകാർ മറ്റൊരിടത്തേയ്ക്ക് താമസം മാറ്റിയിരുന്നു.നിരവധി കൃഷിയിടങ്ങളിൽ വിള നശിപ്പിച്ചിട്ടുമുണ്ട്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ ഒറ്റയാൻ പറമ്പിലെ ഏലം, കപ്പ, വാഴ തുടങ്ങിയ വിളകൾ നശിപ്പിച്ച ശേഷം വീട് ആക്രമിക്കുകയായിരുന്നു. ഭിത്തിയും മേൽക്കൂരയും ഉൾപ്പെടെ ഇടിച്ച് നിരത്തി. .മുതുവാക്കുടി മേഖലയിലും ആനയുടെ ശല്ല്യം രൂക്ഷമാണ്. ഒരാഴ്ച്ചയായി തുടർച്ചയായി എത്തുന്ന കാട്ടാനകൾ വ്യാപകമായാണ് കൃഷികൾ നശിപ്പിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം പ്രദേശത്തുണ്ടായി. നെൽകൃഷിയ്ക്ക് പേരുകേട്ട മഞ്ഞക്കുഴി പാടശേഖരത്തിൽ കൃഷിയിറക്കാനാവാത്ത സ്ഥിതിയിലാണ് കർഷകർ. പാടശേഖരത്തിലൂടെയാണ് ആക്രമണകാരിയായ ഒറ്റയാൻ എത്തുന്നത്. ആനശല്ല്യം മൂലം പ്രദേശവാസികൾ രാത്രി ആഴിക്കൂട്ടി കാവലിരിക്കുകയാണ്.