രാജാക്കാട്/ഇടുക്കി: പീരുമേട് സബ് ജയിലിൽ മരിച്ച രാജ്കുമാറിനെ പൊലീസ് ആശുപത്രിയിലെത്തിക്കുമ്പോൾ നടക്കാനാകാത്തവിധം അവശനായിരുന്നുവെന്ന് ആദ്യം ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കി. ഇക്കാര്യം ജയിൽ സൂപ്രണ്ടും ശരിവയ്ക്കുന്നു. മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുംമുമ്പ് രാജ്കുമാറിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് സ്ട്രെച്ചറിലായിരുന്നു. എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്ന പ്രതിയുടെ കാലിൽ നീരുണ്ടായിരുന്നുവെന്നും പരിശോധിച്ച ഡോ. വിഷ്ണുവും ഡോ. പദ്മദേവും മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
സ്‌ട്രെച്ചറിൽ വച്ചാണ് പരിശോധിച്ചത്. സംസാരിക്കാൻ പോലും പ്രതി ബുദ്ധിമുട്ടി. വല്ലാതെ ഭയപ്പെട്ടിരുന്നതായും ബോദ്ധ്യപ്പെട്ടിരുന്നു. കുഴിയിൽവീണ് പരിക്കേറ്റതായാണ് പൊലീസ് പറഞ്ഞത്. ശരീരത്തിൽ മറ്റ് മുറിപ്പാടുകൾ കണ്ടിരുന്നില്ല. ജയിലിലേക്ക് മാറ്റാൻ പറ്റിയ ആരോഗ്യസ്ഥിതി ആയിരുന്നില്ല. ഇത് കണക്കിലെടുക്കാതെയാണ് പൊലീസ് രാജ്കുമാറിനെ ഇടുക്കി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയശേഷം ജയിലിലേക്ക് മാറ്റിയത്. ജൂൺ 12ന് കസ്റ്റഡിയിൽ എടുത്തതായി പറയപ്പെടുന്ന പ്രതിയെ, അറസ്റ്റ് രേഖപ്പെടുത്തിയ 16ന് പുലർച്ചെയാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഉടൻ തിരികെ കൊണ്ടുപോകാനാകില്ലെന്ന് അറിയിച്ചതിനെ തുടർന്ന് 16ന് വൈകിട്ട് ഏഴ് മണിയോടെയാണ് പ്രതിയുമായി പൊലീസ് മടങ്ങിയതെന്നും ഡോക്ടർമാർ പറഞ്ഞു.
ജയിലിനകത്ത് എത്തിച്ചത് എടുത്ത്
വായ്പാതട്ടിപ്പു കേസിലെ പ്രതിയായ രാജ്കുമാറിനെ ജയിലിൽ എത്തിക്കുമ്പോൾ സ്ഥിതി വളരെ മോശമായിരുന്നെന്ന് ജയിൽ സൂപ്രണ്ട് ജി. അനിൽകുമാർ ജയിൽരേഖയുടെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തി. പ്രതിയെ പൊലീസുകാർ എടുത്താണ് ജയിലിനകത്ത് എത്തിച്ചത്. പിറ്റേന്ന് നില കൂടുതൽ വഷളായപ്പോൾ പീരുമേട് ആശുപത്രിയിൽ കൊണ്ടുപോയി. കാലിന് മുറിവേറ്റിരുന്നു. നേരെ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലുമായിരുന്നു. പൊലീസ് പറഞ്ഞത് 16ന് രാവിലെ 8.30 നാണ് പ്രതിയെ ജയിലിലെത്തിച്ചതെന്നാണ്. എന്നാൽ 17ന് പുലർച്ചെ ഒന്നരയ്ക്കാണ് രാജ് കുമാറിനെ ജയിലിലെത്തിച്ചതെന്നാണ് ജയിൽ സൂപ്രണ്ട് പറയുന്നത്.