ഇടുക്കി : സമ്പൂർണ്ണ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തിൽ ജില്ലയിൽ പൂർത്തീകരിച്ചത് 1000 വീടുകൾ . പ്രളയം കനത്ത നാശം വിതച്ച ജില്ലയിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കിടെയാണ് ഈ നേട്ടം കൈവരിച്ചത്. ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലായി ലൈഫ് മിഷന്റെ മാനദണ്ഡ പ്രകാരം അർഹരെന്ന് കണ്ടെത്തിയ 11900 പേരുമായി കരാറിൽഏർപ്പെട്ട് ഭവന നിർമ്മാണം ആരംഭിച്ച 9465 പേരാണ് ഉള്ളത്. ഇവരിൽ 1900 ഗുണഭോക്താക്കൾ വീടിന്റെ മേൽക്കൂര വരെയും 1700 പേർ ലിന്റൽ വരെയും പൂർത്തീകരിച്ചു. ബാക്കിയുള്ളവർ നിർമ്മാണം ആരംഭിച്ച് തറ പൂർത്തിയായവരാണ്. ലൈഫ് ഭവനപദ്ധതി പ്രകാരം ഒരു ഗുണഭോക്താവിന് 420 ചതിരശ്ര അടിവിസ്തീർണ്ണമുള്ള വീട് നിർമ്മിക്കുന്നതിന് നാല് ഘട്ടങ്ങളിലായി നാല് ലക്ഷംരൂപയാണ് ധനസഹയാം നൽകുന്നത്. പട്ടികവർഗ്ഗ സങ്കേതങ്ങളിൽ താമസിക്കുന്നവർക്ക് 6 ലക്ഷംരൂപ ധനസഹായം നൽകും. ഗ്രാമപഞ്ചായത്തുമായി കരാർ ഒപ്പുവച്ച ഗുണഭോക്താക്കൾക്കായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ 60.21 കോടിരൂപയും ഹഡ്‌കോവായ്പയായി 115 കോടിരൂപയും സംസ്ഥാന സർക്കാർവിഹിതമായി 15 കോടിരൂപയും ഇതുവരെ നൽകി. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ബാക്കി 8465 വീടുകളുംഅടുത്ത 6 മാസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് ലൈഫ് മിഷൻ ജില്ലാകോ-ഓർഡിനേറ്റർ അറിയിച്ചു.
ലക്ഷ്യം
അടുത്ത അഞ്ച് വർഷം കൊണ്ട് ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവർക്കും മാന്യവും സുരക്ഷിതത്വവും ഉള്ള ഭവനത്തോടൊപ്പം ജീവിതസുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതു വഴി കേരളത്തിന്റെ സാമൂഹിക/പശ്ചാത്തല മേഖലയിൽ കാര്യമായ മാറ്റം ഉണ്ടാക്കുക എന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യം
സ്ഥലമുള്ള എല്ലാവർക്കും. സാമ്പത്തിക സഹായം നൽകി ഗുണഭോക്താവ് നേരിട്ടോ, ഏജൻസി മഖേനയോ നിർമ്മാണം നടത്തുക.
ഭൂരഹിതർക്ക്, എല്ലാവിധ പശ്ചാത്തല സൗകര്യത്തോടും ജീവനോപാധിയോടും കൂടിയ ഭവന സമുച്ചയം നിർമ്മിച്ചു നൽകും.
ഗുണഭോക്താക്കൾ
പദ്ധതിയുടെ ഗുണഭോക്താക്കൾ
ഭൂമിയുള്ള ഭവന രഹിതർ
ഭവന നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തവർ/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവർ
പുറമ്പോക്കലോ, തീരദേശ മേഖലയലോ; തോട്ടം മേഖലയലോ താത്കാലിക ഭവനം ഉള്ളവർ.
ഭൂരഹിതഭവന രഹിതർ
മുൻഗണനാക്രമം
മാനസിക വെല്ലുവിളി നേരിടുന്നവർ/അന്ധർ/ശരീരിക തളർച്ച സംഭവിച്ചവർ .
അഗതികൾ
അംഗവൈകല്യമുള്ളവർ
ഭിന്നലിംഗക്കാർ
ഗുരുതര/മാരകരോഗമുള്ളവർ
അവിവാഹിതരായ അമ്മമാർ
രോഗം/അപകടത്തിൽപ്പെട്ട് ജോലി ചെയ്ത് വരുമാനം കണ്ടെത്താൻ പ്രാപ്തിയില്ലാത്തവർ
വിധവകൾ, എന്നിവർക്ക് മുൻഗണന