ഇടവെട്ടി: മൂന്ന് വർഷം കൊണ്ട് 50 ഏക്കർ സ്ഥലം പൂർണമായും ജൈവകൃഷിയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പരമ്പരാഗത കൃഷിവികാസ് യോജന പദ്ധതിയ്ക്ക് ഇടവെട്ടി പഞ്ചായത്തിൽ തുടക്കം കുറിച്ചു. പദ്ധതിയെക്കുറിച്ചുള്ള വിശദീകരണ യോഗവും ക്ലാസും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ നൗഷാദ് ഉദ്ഘാടനം ചെയ്തു. കൃഷി അസി. ഡയറക്ടർ ആൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഇടവെട്ടി കൃഷി ഓഫീസർ ബേബി ജോർജ്, പുറപ്പുഴ കൃഷി ഓഫീസർ റിയമോൾ തോമസ് എന്നിവർ പ്രസംഗിച്ചു. ജൈവകൃഷി വ്യാപകമാക്കുന്നതിനായി പ്രധാനമായും ഫലവർഗ വിളകൾ കൃഷിചെയ്യുന്ന ഒരേക്കർ സ്ഥലമുള്ള 50 കർഷകരെയാണ് പദ്ധതിയുടെ കീഴിൽ തെരഞ്ഞെടുത്തിട്ടുള്ളത്. വിവിധ ജൈവകൃഷി രീതികൾ ചെയ്യുന്നതിന് പരിശീലനം നൽകുക, ജൈവകാർഷിക ഉത്പാദനോപാധികൾ ഉണ്ടാക്കുന്നതിനുള്ള ഫീൽഡ്തല പരിശീലനം നൽകുക, പഠനയാത്രകൾ സംഘടിപ്പിക്കുക, വിവിധതരം കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുക, ജീവാണുവളങ്ങൾ കർഷകർക്ക് സൗജന്യമായി നൽകുക തുടങ്ങിയ വിവിധ കാര്യങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഇതോടൊപ്പം ജൈവസർട്ടിഫിക്കേഷൻ നടപടികളും പൂർത്തീകരിച്ച് പൂർണമായും ജൈവകൃഷി നടപ്പിലാക്കുന്നതിന് കർഷകരെ പ്രാപ്തരാക്കാനാണ് ലക്ഷ്യം.