എൽ. ഡി. എഫ് 3

യു. ഡി. എഫ് 1

ബി. ജെ. പി 1

തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എൽ.ഡി.എഫിന് വിജയം. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ മണക്കാട് ഡിവിഷൻ,​ ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ കാന്തല്ലൂർ ഡിവിഷൻ,​ മാങ്കുളം പഞ്ചായത്തുകളിലെ ആനക്കുളം ഒന്നാം വാർഡ് എന്നിവിടങ്ങളിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്. തൊടുപുഴ നഗരസഭയിലെ 23-ാം വാർഡ് ബി.ജെ.പി നിലനിറുത്തി. ഉപ്പുതറ പഞ്ചായത്തിലെ കാപ്പിപ്പതാൽ വാർഡിൽ യു.ഡി.എഫ് തന്നെ വിജയിച്ചു. ദേവികുളം ബ്ളോക്ക് പഞ്ചായത്തിലെ കാന്തല്ലൂർ പട്ടികവർഗ്ഗ സംവരണ ഡിവിഷനിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥി ആർ. രാധാകൃഷ്ണൻ വിജയിച്ചു. പതിമൂന്നംഗ ബ്ളോക്ക് പഞ്ചായത്തിൽ ഏഴ് സീറ്റുണ്ടെങ്കിലും യു. ഡി. എഫ്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കില്ല. പ്രസിഡന്റ് സ്ഥാനം പട്ടികവർഗ സംവരണമാണ്. യു. ഡി. എഫിൽ പട്ടികവർഗ പ്രതിനിധിയില്ല.

തൊടുപുഴ നഗരസഭ

429 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൊടുപുഴ നഗരസഭയിലെ 23-ാം വാർഡിൽ ബി.ജെ.പി സ്ഥാനാർഥി മായാ ദിനു വിജയിച്ചത്. മായാ ദിനുവിന് 574 വോട്ടും യു.ഡി.എഫിന്റെ നാഗേശ്വരി അമ്മാൾ (ശ്രീക്കുട്ടി അഭിലാഷ് ) 145 വോട്ടും എൽ.ഡി.എഫിന്റെ രാജി രാജൻ 134 വോട്ടും നേടി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന എൽ.ഡി.എഫ് മൂന്നാം സ്ഥാനത്ത് പോയി. ഇവിടെ കൗൺസിലറായിരുന്ന ബി.ജെ.പി പ്രതിനിധി രേണുക രാജശേഖരൻ സർക്കാർ ജോലി കിട്ടിയപ്പോൾ രാജി വച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ 322 വോട്ടുകൾക്കായിരുന്നു രേണുകയുടെ വിജയം. ഇതോടെ 35 അംഗ നഗരസഭാ കൗൺസിലിൽ യു.ഡി.എഫ്- 14, എൽ.ഡി.എഫ്- 13, ബി.ജെ.പി- എട്ട് എന്നിങ്ങനെയാണ് നിലവിൽ കക്ഷിനില.

മണക്കാട് ഡിവിഷൻ
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷനിൽ എൽ.ഡി.എഫിലെ ഷീന ഹരിദാസ് 265 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഷീനയ്ക്ക് 1680 വോട്ടും യു.ഡി.എഫിന്റെ ശ്രീജ വേണുഗോപാലിന് 1415 വോട്ടും ബി.ജെ.പിയുടെ ദീപ രാജേഷിന് 335 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 540ആയിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 893 വോട്ട് ലഭിച്ചിരുന്നു. കഴിഞ്ഞതവണ 1210 ആയിരുന്ന യു.ഡി.എഫിന്റെ വോട്ട് 1415 ആയി വർദ്ധിച്ചു. എൽ.ഡി.എഫ് പ്രതിനിധിയായിരുന്ന വിനീത അനിൽകുമാർ സർക്കാർ ജോലി കിട്ടിയപ്പോൾ രാജിവച്ചതിനെ തുടർന്നാണ് രാജിവയ്ക്കേണ്ടി വന്നത്.

കാന്തല്ലൂർ ഡിവിഷൻ

ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ കാന്തല്ലൂർ ഡിവിഷനിൽ എൽ.ഡി.എഫിലെ ആർ. രാധാകൃഷ്ണൻ 150 വോട്ടുകൾക്ക് വിജയിച്ചു. 2829 വോട്ടുകളാണ് രാധാകൃഷ്ണൻ നേടിയത്. യു.ഡി.എഫിന്റെ എസ്. കന്ദസാമിക്ക് 2629 ഉം ബി.ജെ.പിയുടെ ശിവമുത്തുവിന് 502ഉം വോട്ടുകൾ ലഭിച്ചു. രാധാകൃഷ്ണൻ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും. പട്ടികവർഗവിഭാഗത്തിനായി സംവരണം ചെയ്തതാണ് പ്രസിഡന്റ് സ്ഥാനം. ബ്ലോക്ക് പഞ്ചായത്തിലെ ഏക പട്ടികവർഗ സംവരണ വാർഡാണ് കാന്തല്ലൂർ ഡിവിഷൻ. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ഏരിയ കമ്മിറ്റിയംഗവുമായിരുന്ന എ സുന്ദരത്തിന്റെ (എൽ.ഡി.എഫ്) നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ ഏഴ് സീറ്റുകൾ കോൺഗ്രസിനുണ്ടെങ്കിലും പട്ടികവർഗവിഭാഗത്തിൽപ്പെട്ട എ. സുന്ദരത്തിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയായിരുന്നു.

ഉപ്പുതറ പഞ്ചായത്ത്
ഉപ്പുതറ പഞ്ചായത്തിലെ കാപ്പിപ്പതാൽ വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി. നിക്സൺ 268 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പോൾ ചെയ്ത 966ൽ 617 വോട്ടുകൾ നിക്സൺ നേടി. എൽ.ഡി.എഫിലെ എലിസബത്ത് സണ്ണി (ബീന) ​349 വോട്ടുകൾ നേടി. ബി.ജെ.പി ഇവിടെ സ്ഥാനാർത്ഥിയെ നിറുത്തിയിരുന്നില്ല. യു.ഡി.എഫ് പ്രതിനിധി ബിജു പോളിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ ഈ വാർഡിൽ യു.ഡി.എഫിന് 90 വോട്ടായിരുന്നു ഭൂരിപക്ഷം. എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.

മാങ്കുളം പഞ്ചായത്ത്
ആനക്കുളം നോർത്ത് ഒന്നാം വാർഡിൽ എൽ.ഡി.എഫിലെ എസ്. സുനീഷ് 157 വോട്ടുകൾക്കാണ് വിജയിച്ചത്. 414 വോട്ടുകൾ പോൾ ചെയ്തതിൽ സുനീഷ് 273 വോട്ടുകൾ നേടി. യു.ഡി.എഫിലെ വിഷ്ണു 126 വോട്ട് നേടി. എൻ.ഡി.എ സ്ഥാനാർത്ഥി എം.കെ. ശശിക്ക് 15 വോട്ടുകൾ മാത്രമാണ് നേടാനായത്. കഴിഞ്ഞ തവണ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് ജയിച്ചത്. സി.പി.എം അംഗം പി.കെ. രവീന്ദ്രൻ രാജിവെച്ച് കോൺഗ്രസിൽ ചേർന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എൽ.ഡി.എഫിനാണ് പഞ്ചായത്ത്ഭരണം. എൽ.ഡി.എഫ് വിജയിച്ചതോടെ

നിലവിലെ കക്ഷിനില എൽ.ഡി.എഫ്- 7,​ യു.ഡി.എഫ്- ആറ്.