കട്ടപ്പന / ബീജാപൂർ : ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ സി.ആർ.പി.എഫും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മലയാളിയുൾപ്പെടെ മൂന്ന് ജവാന്മാർക്ക് വീരമൃത്യു. കട്ടപ്പന വെള്ളയാംകുടി ഓറോലിക്കൽ ഒ.പി. സാജു (47), ഒപ്പമുണ്ടായിരുന്ന എ.എസ്.ഐമാരായ കർണാടക സ്വദേശി പി. മഹാദേവ (50), യു.പി സ്വദേശി മദൻപാൽ സിംഗ് (52) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോൾ സമീപത്തുകൂടി വാഹനത്തിൽ പോകുകയായിരുന്ന ഒരു പെൺകുട്ടിയും കൊല്ലപ്പെട്ടു. കെഷ്‌കത്തുൾ മേഖലയിലൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് ജവാൻമാർക്ക് നേരെ ആക്രമണമുണ്ടായത്. ഉടൻ ബൈക്കിൽ നിന്നിറങ്ങി ഓടിയ ഇവർ മാവോയിസ്റ്റ് സംഘത്തിനിടയിൽപ്പെടുകയായിരുന്നു.
ഉടുമ്പൻചോല മുക്കുടിൽ സ്വദേശിയായ സാജുവും കുടുംബവും മാസങ്ങൾക്ക് മുമ്പാണ് വെള്ളയാംകുടിയിൽ താമസമായത്. സി.ആർ.പി.എഫ് 199 ബറ്റാലിയൻ കോൺസ്റ്റബിളായിരുന്ന സാജുവിന് ഇൻസ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഇതിന്റെ ട്രെയിനിംഗിനായി അടുത്ത മാസം ചെന്നൈയ്‌ക്ക് പോകാനിരിക്കവെയാണ് കൊല്ലപ്പെട്ടത്.
സാജുവിന്റ ഭാര്യ : സുജ. മക്കൾ : അജയ് (ചങ്ങനാശേരി എസ്.എസ്.എസ് കോളേജ് ഡിഗ്രി വിദ്യാർത്ഥി), ആര്യനന്ദ (വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂൾ വിദ്യാർത്ഥിനി). മൃതദേഹം നാളെ തിരുവനന്തപുരത്തെത്തിക്കും.