rajkumar-death-

പീരുമേട്: റിമാൻഡിലിരിക്കെ മരിച്ച രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വച്ചാണ് നാല് ദിവസം മർദ്ദിച്ചതെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് ബോദ്ധ്യപ്പെട്ടതായി സൂചന. സ്റ്റേഷനിലെ ഒന്നാം നിലയിലെ വിശ്രമമുറിയിൽ രണ്ട് പൊലീസ് ഡ്രൈവർമാരാണ് മർദ്ദനത്തിന് നേതൃത്വം നൽകിയത്.

ക്രൈംബ്രാഞ്ച് കൊച്ചി റേഞ്ച് ഐ.ജി ഗോപേഷ് അഗർവാൾ, ക്രൈംബ്രാഞ്ച് കോട്ടയം എസ്.പി കെ.എം. സാബു മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെത്തിയ വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറി. 10 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് തയ്യാറാകും.

കുടുംബാംഗങ്ങളുടെ

മൊഴിയെടുത്തു

രാവിലെ ഐ.ജി ഗോപേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘം രാജ്‌കുമാറിന്റെ വീട്ടിൽ എത്തി മാതാവ് കസ്തൂരിയുടെയും ഭാര്യ വിജയയുടെയും മൊഴിയെടുത്തു. കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ച് സംഘവും വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. നാട്ടുകാരിൽ നിന്ന് രവിവരങ്ങൾ ചോദിച്ചറിഞ്ഞു. 11.30 ന് പീരുമേട് സബ് ജയിലിൽ എത്തിയ സംഘം ജയിൽ അധികൃതരുടെ മൊഴി ശേഖരിച്ച ശേഷമാണ് നെടുങ്കണ്ടത്തേക്ക് പോയത്. രാജ്കുമാറിനെ ജയിൽ ഉദ്യോഗസ്ഥരും മർദ്ദിച്ചെന്ന ആരോപണമുണ്ട്.

ഏഴംഗ അന്വേഷണ സംഘം

രൂപീകരിച്ചു

കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം. സാബു മാത്യുവിന്റെ മേൽനോട്ടത്തിലുള്ള ഏഴംഗ അന്വേഷണ സംഘത്തിന് രൂപം നൽകി. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസൺ ജോസഫാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. ഡിവൈ.എസ്.പി കെ.എസ്. സാബു, ഡിറ്റക്ടീവ് ഇൻസ്‌പെക്ടർമാരായ സജു വർഗീസ്, എസ്. ജയകുമാർ, എ.എസ്.ഐമാരായ പി.കെ. അനിരുദ്ധൻ, വി.കെ. അശോകൻ എന്നിവരും സംഘത്തിലുണ്ട്. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐ.ജിയുടെ നിയന്ത്രണത്തിലായിരിക്കും സംഘം. അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് 10 ദിവസത്തിനകം നൽകണം. ആവശ്യമെങ്കിൽ പൊലീസിലെ മറ്റു വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പേരെ സംഘത്തിൽ ഉൾപ്പെടുത്താം.