ചെറുതോണി: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കട്ടപ്പന മുൻ ഡിവൈ.എസ്.പിയുടെയും നെടുങ്കണ്ടം സി.ഐ, എസ്.ഐ എന്നിവരുടെയും ഗുരുതരമായ കൃത്യവിലോപമാണ് കസ്റ്റഡി മരണത്തിലേക്ക് എത്തിച്ചത്. കോൺഗ്രസ്‌ നേതൃത്വവുമായി പൊലീസുകാർ ഒത്തുകളിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ യഥാസമയം വിവരമറിയിക്കാതെ നിയമസഭ നടക്കുന്ന വേളയിൽ കോൺഗ്രസും പൊലീസും ചേർന്ന് നടത്തിയ നീക്കങ്ങൾ ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു. സർക്കാരിനെ അപകീർത്തിപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. കോൺഗ്രസിന്റെ വനിതാ പഞ്ചായത്തംഗവും പൊലീസും തമ്മിലുള്ള ടെലിഫോൺ സംഭാഷണം പുറത്തുവന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായിട്ടുണ്ട്. തൂക്കുപാലത്തെ ഹരിത ഫിനാൻസിന്റെ തട്ടിപ്പിന് കളമൊരുക്കിയത്‌ കോൺഗ്രസിന്റെ അഞ്ച് പഞ്ചായത്ത്‌ മെമ്പർമാരാണ്. ജനപ്രതിനിധികൾ ഇറങ്ങി പണം പിരിച്ചു നൽകുകയായിരുന്നു. രാജ്കുമാറിനെ മുന്നിൽ നിർത്തി ഹരിത ഫിനാൻസിലൂടെ കോൺഗ്രസ് ജനപ്രതിനിധികൾ ജനങ്ങളെ കൊള്ളയടിച്ച് നടത്തിയ പണ സമാഹരണത്തിന് ഉന്നതനേതാക്കളുടെ സംരക്ഷണമുണ്ട്. മുതിർന്ന നേതാക്കളുടെ ഒത്താശയോടെയാണ് അനധികൃത പണപ്പിരിവ് ഉണ്ടായിട്ടുള്ളത്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ലഘൂകരിക്കാൻ പൊലീസ് തന്നെ ജനപ്രതിനിധികളെ സഹായിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ഒത്താശയോടെ നടന്ന പണാപഹരണത്തിൽ പങ്കാളിയായ നേതാക്കളെയും കൂട്ട് നിന്ന പൊലീസുകാരെയും രക്ഷിക്കാൻ വേണ്ടിയാണ് പ്രതിപക്ഷനേതാവ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.