ഇടുക്കി : ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും പരിമിതികളും പരിഗണിച്ച് പ്രളയത്തിനിരയായവർക്ക് ലൈഫ് പദ്ധതിയിൽ അപ്പീൽ അപേക്ഷ നൽകുന്നതിനുള്ള സമയ പരിധി ജൂലായ് 31 വരെ നീട്ടണമെന്നു ഡീൻ കുര്യാക്കോസ് എം.പി കളക്ടറേറ്റിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷം നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ എത്തിയ എം.പി ജില്ലാ വികസന സമിതിയുടെ സഹായവും പിന്തുണയും ഉണ്ടാകണമൈന്ന് അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു ചർച്ചക്ക് തുടക്കം കുറിച്ചത്. അർഹരായ കുട്ടികൾക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിൽ ബാങ്കുകൾ പുലർത്തുന്ന വിവേചനം അവസാനിപ്പിക്കാൻ പ്രശ്നം സംസ്ഥാന ബാങ്കിംഗ് ഉപദേശക സമിതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ജില്ലാ ലീഡ് ബാങ്ക് മാനേജരോട് എം.പി നിർദ്ദേശിച്ചു. പ്രളയത്തിൽ തകർന്നതും അല്ലാത്തതുമായ വീടിന്റെ സംരക്ഷണഭിത്തികൾ നിർമിക്കാൻ വേണ്ട നടപടികൾ പഞ്ചായത്തുകളുമായി ആലോചിച്ചു തൊഴിലുറപ്പു വഴി നടപ്പിലാക്കാൻ എം.പി നിർദ്ദേശിച്ചു. ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എംഎൽ.എമാരായ എസ്. രാജേന്ദ്രൻ, ഇ.എസ് ബിജിമോൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.കെ.ഷീല എന്നിവർ സംസാരിച്ചു.