തൊടുപുഴ: പീരുമേട് സബ്ജയിലിൽ റിമാൻഡിലിരിക്കെ പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ പ്രതിഷേധം പുകയുന്നു. സംഭവത്തിൽ ആഭ്യന്തരവകുപ്പിനെതിരെ സി.പി.ഐ തന്നെ രംഗത്തെത്തിയത് സർക്കാരിന് തിരിച്ചടിയായി. ജില്ലാ പൊലീസ് മേധാവിയും കട്ടപ്പന ഡി.വൈ.എസ്.പിയും കുറ്റക്കാരാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മർദ്ദിച്ചത് നിയമവിരുദ്ധമാണ്. ഇതിന് മേലുദ്യോഗസ്ഥരുടെ അറിവും സമ്മതവും ഉണ്ട്. ലോക്കപ്പിലും ജയിലിലും മർദ്ദനമുണ്ടായി. പൊലീസിന്റെ ഇത്തരം പൈശാചിക നടപടി ഇടതുപക്ഷ സർക്കാരിന്റെ നയങ്ങളെ അട്ടിമറിക്കുന്നതാണ്. മൂന്നാം മുറ പ്രയോഗിക്കരുതെന്ന പൊലീസ് മാനുവലിലെ നിർദ്ദേശം പോലും കാറ്റിൽപ്പറത്തി. ജയിലിൽ കൊണ്ടുപോയിട്ടും മർദ്ദനം തുടർന്നു.
പൊലീസിന്റെ കാടത്തം മൂലം ഉണ്ടായിട്ടുള്ള മനുഷ്യക്കുരുതിക്ക് എസ്.പിയും ഡി.വൈ.എസ്.പിയും ഒരേപോലെ കുറ്റക്കാരാണ്. കസ്റ്റഡി മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ കോലാഹലമേട്ടിലെ രാജ്കുമാറിനെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എസ്.പിയടക്കമുള്ള ഉന്നതഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് ചെന്നിത്തലയും ഡീൻ കുര്യാക്കോസ് എം.പിയും പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ ജൂലായ് അഞ്ചിന് രാവിലെ 11ന് ഇടുക്കി എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.
ഇതോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കരിമണ്ണൂർ കോൺഗ്രസ് ഭവൻ, തൊടുപുഴ രാജീവ് ഭവൻ, ഇടുക്കി ഡി.സി.സി ഓഫീസ്, കട്ടപ്പന കോൺഗ്രസ് ഹൗസ്, നെടുങ്കണ്ടം ബ്ലോക്ക് കോൺഗ്രസ് ഓഫീസ്, രാജകുമാരി കോൺഗ്രസ് ഹൗസ്, അടിമാലി ബ്ലോക്ക് കമ്മിറ്റി ഓഫീസ്, മൂന്നാർ ഐ.എൻ.ടി.യു.സി ഓഫീസ്, ഏലപ്പാറ കോൺഗ്രസ് ഭവൻ, കുമളി ശിക്ഷക് സദൻ എന്നിവിടങ്ങളിൽ യോഗം ചേരും. യഥാക്രമം റോയി. കെ. പൗലോസ്, സി.പി. മാത്യു, അഡ്വ. ജോയി തോമസ്, അഡ്വ. ഇ.എം. ആഗസ്തി, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ (ഉടുമ്പൻചോല, നെടുങ്കണ്ടം), അഡ്വ. എസ്. അശോകൻ, എ.കെ. മണി, എം.ടി. തോമസ്, പി.പി. സുലൈമാൻ റാവുത്തർ എന്നിവർ ഓരോ യോഗങ്ങളിലും പങ്കെടുക്കും. നേരത്തേ പ്രഖ്യാപിച്ച നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ മാർച്ച് ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലായ് മൂന്നിന് രാവിലെ 11ന് നടത്തും.