തൊടുപുഴ: പ്രളയാനന്തര സഹായമായി ലോകബാങ്കിൽ നിന്ന് ലഭിക്കുന്ന 1724 കോടിയിൽ ഗണ്യമായ തുക വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ ഇടുക്കി ജില്ലയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അനുവദിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് പറഞ്ഞു. വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലയാണ് ഇടുക്കി. ജില്ലയിലെ കിലോമീറ്ററുകൾ പൊതുമരാമത്ത്- പഞ്ചായത്തു റോഡുകളാണ് വെള്ളപ്പൊക്കത്തിൽ തകർന്നത്. ഈ റോഡുകൾ പുനർനിർമ്മിക്കാൻ മുവായിരം കോടിരൂപ ആവശ്യമാണെന്ന് ജില്ലാ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴും നിരവധി പ്രധാന റോഡുകൾ ഗതാഗത യോഗ്യമല്ലാതെ കിടക്കുകയാണ്. ജില്ലയിലെ കാർഷിക മേഖല തകർച്ചയുടെ വക്കിലാണ്. കൃഷിയാകെ നശിച്ചു. ഉത്പാദനം ഗണ്യമായി കുറഞ്ഞു. മണ്ണിടിച്ചിൽ മൂലം മേൽമണ്ണ് ഒഴുകിപോയി. എന്നാൽ കൃഷി നാശത്തിനുള്ള നഷ്ഠപരിഹാരം സർക്കാർ നൽകിയിട്ടില്ല. വിവിധ ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും കോടികൾ സംഭാവനയായി സംസ്ഥാന സർക്കാരിന് ലഭിച്ചെങ്കിലും ഇടുക്കി ജില്ലയോട് കാട്ടുന്നത് അവഗണനയാണ്. ഇനിയും ഈ അവഗണന തുടരാൻ അനുവദിക്കില്ല. ഈ സാഹചര്യങ്ങളിൽ ലോക ബാങ്കിൽ നിന്നും ലഭിക്കുന്ന സഹായത്തിൽ ഗണ്യമായ ഭാഗം ജില്ലയ്ക്ക് അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ജേക്കബ്ബ് അഭ്യർത്ഥിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നടന്ന കസ്റ്റഡി മരണത്തിലുള്ള ദുരൂഹത മാറ്റാൻ ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.