രാജാക്കാട്: അധികൃതരോട് പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടാകാതെ വന്നതിനെ തുടർന്ന് കുട്ടികൾ അവധിദിനം പോലും വേണ്ടെന്നുവച്ച് റോഡരികിലെ കാടുകൾ വെട്ടിനീക്കി. ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.സി.സി കേഡറ്റുകളാണ് ചെമ്മണ്ണാർ ഉടുമ്പൻചോല പൊതുമരാമത്ത് റോഡിന്റെ വശങ്ങളിൽ അപകടകരമായ രീതിയിൽ വളർന്ന് നിന്നിരുന്ന കാട് നീക്കം ചെയ്തത്. മൂന്നാർ, കുമളി, തേക്കടി, അടിമാലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടേത് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ നിത്യവും കടന്നുപോകുന്ന റോഡാണിത്. കൊടും വളവുകളും കയറ്റിറക്കങ്ങളും നിറഞ്ഞ പാതയുടെ രണ്ട് വശങ്ങളിലും കാട് വളർന്നതുമൂലം ഡ്രൈവർമാരുടെ മുന്നോട്ടുള്ള കാഴ്ച മറയുകയും അപകടങ്ങൾ പതിവാകുകയും ചെയ്തിരുന്നു. വാഹനങ്ങൾ വരുമ്പോൾ വശങ്ങളിലേയ്ക്ക് മാറിനിൽക്കാൻ പോലും ഇടമില്ലാത്തത് കാൽനടക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. ബ്ളോക്ക് പഞ്ചായത്ത് അംഗം സിന്ധു രഘു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ടി. അഗസ്റ്റിൻ സാന്നിദ്ധ്യം വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ലാലു തോമസ്, എൻ.സി.സി ഓഫീസർ ലഫ്. പി.സി. ജയൻ, എൻ.സി.സി അണ്ടർ ഓഫീസർ ആൽവിൻ കെ. ബിജു, റോഷ് നറോയ് എന്നിവർ നേതൃത്വം നൽകി.