തൊടുപുഴ: കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റായി കേരളാ കോൺഗ്രസിലെ (എം) ലിന്റാ സിബിനെ തിരഞ്ഞെടുത്തു. യു.ഡി.എഫ് ധാരണ പ്രകാരം പ്രസിഡന്റ് കെ.ജി. സിന്ധുകുമാർ രാജിവച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് രണ്ടാം വാർഡ് മെമ്പർ ലിന്റയെ തിരഞ്ഞെടുത്തത്. ധാരണ പ്രകാരം ആദ്യ രണ്ട് വർഷം മുസ്ലീം ലീഗിലെ നിസാർ പഴേരിയായിരുന്നു പ്രസിഡന്റ്. തുടർന്നുള്ള ഒന്നര വർഷം കോൺഗ്രസിനും ശേഷിക്കുന്ന ഒന്നര വർഷം കേരള കോൺഗ്രസിനും എന്ന ധാരണ പ്രകാരമാണ് കെ.ജി. സിന്ധുകുമാർ രാജിവച്ചത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസ്- മൂന്ന്, മുസ്ലീംലീഗ്- മൂന്ന്, കേരള കോൺഗ്രസ് (എം)- മൂന്ന്, എൽ.ഡി.എഫ്- രണ്ട്, ബി.ജെ.പി- രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. വരണാധികാരി അസി. തഹസീൽദാർ ലത തിരഞ്ഞടുപ്പ് നടപടികൾ നിയന്ത്രിച്ചു.