കട്ടപ്പന: അടുത്ത ആഴ്ചയിൽ വീട്ടിലെത്തുമെന്ന് സന്തോഷത്തോടെ വിളിച്ചറിയിച്ച സാജുവിന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ദു:ഖം താങ്ങാനാകാതെ പകച്ചിരിക്കുകയാണ് സുജ. രണ്ടാഴ്ച മുമ്പ് വീട്ടിലെത്തി മടങ്ങിയ പ്രിയതമൻ അടുത്തയാഴ്ച ചെന്നൈയിൽ പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ പോകുമ്പോൾ വീട്ടിൽ കൂടി വരുമെന്ന് വെള്ളിയാഴ്ച രാവിലെ 7.30 നാണ് ഭാര്യ സുജയെ വിളിച്ചു പറഞ്ഞത്. പതിവില്ലാതെ രാവിലെയെത്തിയ ഫോൺ കോൾ സുജയിലും അമ്പരപ്പുളവാക്കി. എന്നാൽ പ്രിയപ്പെട്ടവൻ അടുത്തയാഴ്ച വരുമെന്നു കേട്ടപ്പോൾ അംബരപ്പ് ആഹ്ളാദമായി മാറി. ഇതിനിടെ സ്‌കൂളിൽ പോകാനുള്ള തിടുക്കത്തിനിടയിൽ മകൾ ആര്യ നന്ദയും 'അപ്പ' യോട് സംസാരിച്ചു. എന്നാൽ ഈ സംഭാഷത്തിന് ശേഷം മണിക്കൂറുകൾക്കകം സാജു രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചു. രാജാക്കാട് മുക്കുടിയിൽ ഊറോലിക്കൽ പരേതനായ പാപ്പന്റെയും തങ്കമ്മയുടേയും മകനായ സാജു കായിക താരമായിരുന്നു. 1992 ലാണ് സി.ആർ.പി.എഫിൽ ചേർന്നത്. ഭാര്യ സുജ ഇരട്ടയാർ സ്വദേശിനിയാണ്. ഇക്കാരണത്താൽ ഇരട്ടയാറിനോടടുത്ത വെള്ളയാംകുടിയിൽ സ്ഥലം വാങ്ങി വിടുവയ്ക്കുകയായിരുന്നു. പത്ത് വർഷമായി വെള്ളയാംകുടിയിൽ താമസമാക്കിയിട്ട്. അന്നു മുതൽ വിരുന്നുകാരനായിട്ടാണ് നാട്ടിലെത്തുന്നതെങ്കിലും റസിഡൻസ് അസോസിയേഷനിലടക്കം സജീവമായിരുന്നു സാജു. നാട്ടിലെത്തിയാൽ മക്കളായ അജയ്, ആര്യനന്ദ എന്നിവരോടൊത്ത് വെള്ളയാംകുടിയിലെ കൈവഴികളിലൂടെ നടത്തം പതിവായിരുന്നു. കൂട്ടിന് 'അപ്പ' യുടെ വീരകഥകളും മേമ്പൊടിയാകും.
ഇനി ആ കളി ചിരികൾ ഊറോലിക്കൽ വീട്ടിലില്ല. 'അപ്പ' ആറടി മണ്ണിൽ ചേരുമ്പോഴും സുജയ്ക്കും മക്കൾക്കും അഭിമാനിക്കാം. തങ്ങളുടെ പ്രിയപ്പെട്ടവൻ രാജ്യത്തിന് വേണ്ടിയാണ് ജീവൻ വെടിഞ്ഞതെന്ന്. ഒപ്പം നാടിനും നാട്ടാർക്കും അഭിമാനിക്കാം ഈ ധീര ജവാനെയോർത്ത്.