കട്ടപ്പന: വ്യാപാരിയെ മർദ്ദിച്ച് പണം തട്ടാൻ ശ്രമം. പാറക്കടവിൽ കാർ വാഷിംഗ് സ്ഥാപനം നടത്തുന്ന മേരികുളം കുന്നേൽ ജിനേഷിനെയാണ് (40) കാറിലെത്തിയ മൂന്നംഗ സംഘം മർദ്ദിച്ച് പണവുമായി കടക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലോടെ പള്ളിക്കവല രജിസ്ട്രാർ ഓഫീസിനു സമീപമായിരുന്നു സംഭവം. ജിനേഷിന്റെ ഉടമസ്ഥതയിലുള്ള 13 സെന്റ് സ്ഥലം വിറ്റ തുകയുമായി രജിസ്ട്രാർ ഓഫീസിൽ നിന്ന് വരുമ്പോഴായിരുന്നു മൂന്നംഗ സംഘം മാരകായുധങ്ങളുമായി അക്രമിച്ചത്. ജിനേഷിന്റെ ഒപ്പമുണ്ടായിരുന്ന മാതാവിനും മർദ്ദനമേറ്റു. മാതാവിന്റെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടി കൂടിയപ്പോഴേക്കും അക്രമിസംഘം കാറിൽ രക്ഷപ്പെട്ടിരുന്നു. മേരികുളത്തെ കേരള കോൺഗ്രസ് (എം) പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള മൂന്നു പേരാണ് അക്രമം അഴിച്ചുവിട്ടതെന്ന് ജിനേഷിന്റെ പരാതിയിൽ പറയുന്നു. തലയ്ക്ക് പൊട്ടലേറ്റ ജിനേഷിന് ദേഹമാസകലം സാരമായി പരിക്കേറ്റിട്ടുണ്ട്. ജിനേഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.