കട്ടപ്പന: കാറും ബൈക്കും തമ്മിൽ ഇടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ബൈക്ക് യാത്രികനായ യുവാവിന് മർദ്ദനം. വാഴവര സ്വദേശി എബിൻ അലോഷ്യസിനാണ് മർദ്ദനമേറ്റത്. എഴുകുംവയലിലാണ് സംഭവം. കാറിലെത്തിയെ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള നാൽവർ സംഘമാണ് മദ്യപിച്ചെത്തി യുവാവിനെ മർദ്ദിക്കുകയും വാഹനം തല്ലി തകർക്കുകയും ചെയ്തതെന്നാണ് പരാതി. കട്ടപ്പന- വാഴവര സ്വദേശിയായ എബിൻ അലോഷ്യസ് തന്റെ സുഹൃത്തിന്റെ വീട്ടിൽ പോയി വരും വഴിയാണ് എഴുകുംവയലിന് സമീപത്തുവെച്ച് സ്വിഫ്‌റ്റ് കാറും ബുള്ളറ്റും തമ്മിൽ ചെറിയ രീതിയിൽ ഉരസുന്നത്. തുടർന്ന് സ്വിഫ്‌റ്റ് കാറിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. കാറിലുണ്ടായിരുന്നവർ യുവാവിനോട് മുപ്പതിനായിരം രൂപ ആവശ്യപ്പെട്ടു. പ്രശ്നം പറഞ്ഞു തീർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കാറിലുണ്ടായിരുന്ന നാലു പേരടങ്ങുന്ന സംഘം എബിനെ ക്രൂരമായി മർദ്ദിക്കുകയും കല്ലു ഉപയോഗിച്ച് വാഹനം തല്ലിത്തകർക്കുകയും ചെയ്തത്. എഴുകുംവയൽ അഞ്ച്മുക്ക് സ്വദേശിയുടേതാണ് കാറ്.

ക്രൂരമായ മർദ്ദനത്തിന് ശേഷം ഡ്രൈവിംഗ് ലൈസൻസും പഴ്സും ഉൾപ്പെടെ കാറിലെത്തിയവർ അപഹരിച്ചെന്ന് എബിൻ പറയുന്നു. കാർ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.