കട്ടപ്പന: രാജ്കുമാറിന്റെ മരണത്തിൽ ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ന് 11ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ നടക്കുന്ന അന്വേഷണം ഉന്നതരെ സംരക്ഷിക്കാനുള്ള പ്രഹസനമാണെന്നും ബി.ജെ.പി ആരോപിച്ചു. രാജ്‌കുമാറിനെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞില്ലെന്ന ജില്ലാ പൊലീസ് മേധാവിയുടെ വാദം തള്ളിക്കളയുന്നു. അടിയന്തരാവസ്ഥയെ വെല്ലുന്ന തരത്തിലുള്ള പൊലീസ് ഇടപെടലുകൾ ജനങ്ങളെ ജീവിക്കാൻ ഭയപ്പെടുത്തുന്ന സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. കട്ടപ്പനയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ, നേതാക്കളായ പി.എ. വേലുകുട്ടൻ, ഷാജി നെല്ലിപ്പറമ്പിൽ, ജെ. ജയകുമാർ തുടങ്ങിയവരും പങ്കെടുത്തു.