കട്ടപ്പന: വീരമൃത്യു വരിച്ച ധീര ജവാന് കട്ടപ്പനയുടെ പ്രണാമം. ആയിരങ്ങളാണ് ഗാന്ധി സ്ക്വയറിൽ പൊതു ദർശനത്തിന് വച്ച ഭൗതികദേഹത്തിൽ അന്ത്യാജ്ഞലിയർപ്പിച്ചത്.സമൂഹത്തിന്റെ നാനാതുറയിലുളളവർ അവസാനമായി ഒരു നോക്കുകാണാനെത്തിയിരുന്നു.

ഇന്നലെ രാവിലെ 10.15 നാണ് വെള്ളയാംകുടിയിലെ വീട്ടിൽ നിന്നും ഭൗതികദേഹം പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ കട്ടപ്പന ഗാന്ധി സ്ക്വയറിൽ പൊതുദർശനത്തിനെത്തിച്ചത്. മൃതദ്ദേഹം എത്തിക്കുന്നതിനു മുൻപേ ജനങ്ങൾ ഇവിടെ തിങ്ങിനിറഞ്ഞിരുന്നു. പൊലീസും സി.ആർ.പി.എഫ്, എൻ.സി.സി ബറ്റാലിയനുമായിരുന്നു നിയന്ത്രണച്ചുമതല.

മുഖ്യമന്ത്രിക്ക് വേണ്ടി ആർ.ഡി.ഒ .എം.പി.വിനോദും കേന്ദ്ര മന്ത്രി വി.മുരളീധരന് വേണ്ടി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വിനു ജെ. കൈമളും പുഷ്പചക്രം സമർപ്പിച്ചു.

റോഷി അഗസ്റ്റിൻ എം. എൽ. എ ,നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, മുൻ ചെയർമാൻ മനോജ് എം.തോമസ്, ത്രിതല പഞ്ചായത്ത് പ്രസിഡൻറ് മാർ ,നഗരസഭാ കൗൺസിലർമാർ, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ ,സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടനകൾ തുടങ്ങി ആയിരക്കണക്കിന് ജനങ്ങളാണ് ധീര ജവാന് അന്ത്യാജ്ഞലിയർപ്പിച്ചത്