house

രാജാക്കാട് : പ്രളയകാലത്തിന് ശേഷം വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. അതൊക്കെ വിശ്വസിച്ച പലർക്കും നിരാശ മാത്രമാണ് ബാക്കിയുള്ളത്. പ്രളയത്തെത്തുടർന്നുണ്ടായ ഉരുൾ പൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പുതിയ സ്ഥലം കണ്ടെത്തി വീട് വയ്ക്കുന്നതിന് നടപടി സ്വീകരിക്കുമെന്നായിരുന്നു ഒരു പ്രഖ്യാപനം. എന്നാൽ അർഹരായ ഒട്ടേറെപ്പേർ സർക്കാരിന്റെ കനിവുകാത്ത് കഴിയുകയാണ്. രാജാക്കാട് കലുങ്കുസിറ്റി സർപ്പക്കുഴി സജീവൻ ഇവരിലൊരാളാണ്. മണ്ണിടിച്ചിലിൽ ഇദ്ദേഹത്തിന്റെ വീടും വീട്ടുപകരണങ്ങളും പൂർണ്ണമായി നശിച്ചിരുന്നു. അപേക്ഷ നൽകിയതിനെത്തുടർന്ന് വല്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും മണ്ണിടിച്ചിൽ സാദ്ധ്യത ഉള്ളതിനാൽ അതേ സ്ഥലത്ത് വീട് വയ്ക്കുന്നതുള്ള അനുമതി നഷേധിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ജില്ലാ കളക്ടറെ നേരിൽക്കണ്ട് അപേക്ഷ നൽകി. എന്നാൽ ഒരു വർഷമാകുമ്പോഴും ഈ കുടുംബത്തിന് സ്ഥലവും വീടും അനുവദിച്ചിട്ടില്ല. ഈ കുടുംബം പതിനൊന്ന് മാസമായി വാടക വീട്ടിലാണ് താമസിക്കുന്നത്. സർക്കാരിന്റെ ചുവപ്പ് നാട അഴിയുന്ന കാലവും കാത്ത് കഴിയുകയാണ് സജീവന്റെ കുടുംബം.

ഇനിയെന്ത്

പഞ്ചായത്തിൽ അന്വേഷിക്കുമ്പോൾ സ്ഥലം നൽകുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകിയിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് സജീവൻ പറയുന്നു. ഇനി എവിടെനിന്നാണ് തനിക്ക് നീതി ലഭിക്കുക എന്നത് തിരയുവാനൊന്നും കൂലിപ്പണിക്കാരനായ സജീവനറിയില്ല.

മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ 98181 പേരുടെ അപ്പീൽ അപേക്ഷകൾ ലഭിച്ചുവെന്നും അതിൽ 85141 പേരുടെ അപേക്ഷകളിൽ തീർപ്പാതായും മുഖ്യമന്ത്രി മേയ് മാസം നിയമസഭയിൽ പറഞ്ഞിരുന്നു. ശേഷിക്കുന്ന അപക്ഷയിൽ ഒരു മാസത്തിനകം നടപടിയെന്നും ഉറപ്പ് നൽകിയിരുന്നു. വീട് നഷ്ടപ്പെട്ടവർക്ക് പുതിയത് നിർമ്മിക്കാൻ നാല് ലക്ഷം നൽകും. പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് പകരം ഭൂമി കണ്ടെത്തൽ, വീടുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയവയുലും വേഗത്തിൽ തീരുമാനം ഉണ്ടാകുമെന്നും പറഞ്ഞിരുന്നു.