ഇടുക്കി : ഛത്തീസ്ഗഡി ൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ ഒ.പി. സാജുവിന് ജൻമ നാടിന്റെ യാത്ര മൊഴി. കട്ടപ്പനയിലെ പൊതു ദർശനത്തിനു ശേഷം പതിനൊന്നേകാലോടെ മൃതദേഹം സംസ്‌ക്കാര ചടങ്ങുകൾക്കായി വെള്ളയാംകുടിയിലെ വീട്ടിൽ എത്തിച്ചു. തുടർന്ന് ബന്ധു ജനങ്ങളും നാട്ടുകാരും അന്ത്യോപചാരം അർപ്പിച്ചു. കേരള പൊലീസും സി ആർ പി എഫ് വിഭാഗവും സല്യൂട്ട് നൽകി. മൃതദേഹത്തിലെ ദേശീയ പതാക ഭാര്യ സുജയും കുടുംബാംഗങ്ങളും ഏറ്റു വാങ്ങി. മകൻ അജയ് സാജു ചിതയ്ക്ക് തീ കൊളുത്തി. സി.ആർ.പി.എഫ് ജവാന്മാർ ആചാര വെടി മുഴക്കി പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ജവാന് യാത്ര മൊഴിയേകിയത്. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി.
അന്ത്യാഞ്ജലി
അർപ്പിക്കാൻ ജനപ്രവാഹം
സാജുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കട്ടപ്പനയിൽ വൻ ജനസഞ്ചയമെത്തി. ഇന്നലെ രാവിലെ പത്തേകാലോടെയാണ് കട്ടപ്പന ഗാന്ധിസ്‌ക്വയറിൽ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഇടുക്കി ആർ ഡി ഒ എം.പി.വിനോദ് അന്തിമോപചാരമർപ്പിച്ചു. ജില്ലാ ഭരണകൂടത്തിനു വേണ്ടി നെടുങ്കണ്ടം തഹസീൽദാർ എം.ബാബു പുഷ്പചക്രം സമർപ്പിച്ചു. സി ആർ പി എഫ് ഡി.ജി.പി ക്ക് വേണ്ടി സി ആർ പി എഫ് ബാംഗ്ലൂർ ഐ ജി ഗിരി പ്രസാദ് അന്തിമോപചാരം അർപ്പിച്ചു.സി ആർ പി എഫ് പള്ളിപ്പുറം ഗ്രൂപ്പ് സെന്റർ ഡിഐജി മാത്യു എ ജോൺ, പെരിങ്ങാം റിക്രൂട്ട് ട്രെയിനിങ് സെന്റർ ഡിഐജി എം. ജെ വിജയൻ, റോഷി അഗസ്റ്റിൻ എം. എൽ. എ , കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി,ജനപ്രതിനിധികൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
മന്ത്രി എം എം മണി
അന്തിമോപചാരം അർപ്പിച്ചു
ജവാൻഒ.പി. സാജുവിന് മന്ത്രി എം എം മണി വെള്ളയാംകുടിയിലെ വസതിയിൽ എത്തി ആദരാഞ്ജലിയർപ്പിച്ചു. ഡീൻ കുര്യാക്കോസ് എം. പി ,ജില്ലാ കലക്ടർ എച്ച്. ദിനേശൻ തുടങ്ങിയവർ ജവാന്റെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.