തൊടുപുഴ: കുളിക്കാനിറങ്ങിയ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു.തൊടുപുഴ കരിങ്കുന്നം മറ്റത്തിപ്പാറ നിരപ്പേൽ (അക്കുത്തേൽ) ജോസിന്റെ മകൻ ജിമ്മി(32)യാണ് മരിച്ചത്.
അമയപ്രയിലുള്ള സുഹൃത്ത് പുത്തൻപുരയിൽ സജിയുടെ വീട്ടിൽ എത്തിയതായിരുന്നു ജിമ്മി. ഞായറാഴ്ച വൈകിട്ട് 5.30ഓടെ വീടിന് സമീപത്തെ ശ്രീമഹാദേവ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. മുങ്ങിത്താഴുന്നത് പരിസരവാസികൾ കണ്ടു. താമരവള്ളികൾ നിറഞ്ഞ ആഴമേറിയ കുളത്തിൽ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടായിരുന്നു. നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയർഫോഴ്‌സും കരിമണ്ണൂർ പൊലീസും എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അമ്മ: ചിന്നമ്മ. സഹോദരി: ജോസ്മി.