രാജാക്കാട് : മലയാളികൾ സഞ്ചരിച്ചിരുന്ന വാഹനം തമിഴ്നാട്ടിലെ തേനി വീരപാണ്ടിക്ക് സമീപം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. സ്ത്രീകളും കുട്ടികളും അടക്കം ഏഴ് പേർക്ക് പരിക്കേറ്റു. രാജാക്കാട് വലിയകണ്ടം കോവലേൽ ഓമനക്കുട്ടൻ (46) ആണ് മരിച്ചത്. ഭാര്യ ജെയ്നി, മക്കളായ നന്ദഗോപൻ, പ്രിയനന്ദ, സുഹൃത്ത് കമ്പിളികണ്ടം മങ്കുവ വട്ടുകുന്നേൽ ജെമിനി തോമസ്, ഭാര്യ ലൗലി, മകൻ നിതിൻ, ജെമിനിയുടെ ബന്ധു ലിജോ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായ പരിക്കുകളുള്ള ജെയ്നി, നന്ദഗോപൻ, പ്രിയനന്ദ എന്നിവരെ മധുര മെഡിക്കൽ കോളേജിലും മറ്റുള്ളവരെ തേനി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽപ്പെട്ട വാഹനം കെട്ടിവലിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ തീപിടിച്ച് നശിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. ജെമിനിയുടെ സ്‌കോർപ്പിയോയിൽ തമിഴ്നാട് സന്ദർശനത്തിന് പോയ ഇവർ വീരപാണ്ടി റൂട്ടിൽ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെങ്ങിൻതോപ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു. തെങ്ങുകളിൽ വന്നിടിച്ചതിന്റെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശം പൂർണമായി തകർന്നു. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മുൻസീറ്റിൽ ഇരിക്കുകയായിരുന്ന ഓമനക്കുട്ടൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നാട്ടുകാർ ചേർന്ന് മറ്റുള്ളവരെ പുറത്തെടുത്ത് തേനി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വീരപാണ്ടി പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. വാഹനം വൈകുന്നേരത്തോടെ റോഡിൽ കയറ്റി സ്റ്റേഷനിലേക്ക് കെട്ടിവലിച്ചുകൊണ്ട് പോകുന്നതിനിടെ തീപിടിച്ചു. ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണച്ചപ്പോഴേക്കും വാഹനം ഏതാണ്ട് പൂർണമായി കത്തിനശിച്ചു. ഓമനക്കുട്ടന്റെ മൃതദേഹം തേനി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. ഓമനക്കുട്ടന്റെ മക്കളായ പ്രിയനന്ദ രാജാക്കാട് ക്രിസ്തുരാജ് സ്കൂളിലും നന്ദഗോപൻ എൻ.ആർ സിറ്റി എസ്.എൻ.വി.എച്ച്.എസ്.എസിലും വിദ്യാർത്ഥികളാണ്.