കണ്ണൂർ: മരണാനന്തര അവയവ ദാനത്തെ ജനകീയമാക്കാൻ സാധിച്ച കാമ്പയിൻ 2011ൽ രാജേഷ് പിള്ളയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ട്രാഫിക്' എന്ന സിനിമയായിരുന്നു. മരിച്ചാൽ മണ്ണായി നശിക്കുന്ന ഉറ്റവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ ഇതോടെ പലരുടെയും ബന്ധുക്കൾ തയ്യാറായി. ജീവനുള്ളപ്പോൾ തന്നെ വൃക്കയും കരളും പങ്കിടാൻ പലരും തയാറായതോടെ മരണ വക്കിലെത്തിയ പലർക്കും ഏറെ പ്രതീക്ഷയായിരുന്നു. തുടർന്ന് 2011 മുതൽ 2014 വരെ കേരളത്തിൽ ഏറ്റവും അധികം അവയവ ദാനം നടന്നു. അവയവ ദാനം ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും പ്രശ്നം വേറൊന്നാണ്. സംസ്ഥാനത്ത് 52 സ്വകാര്യ ആശുപത്രികൾക്ക് അവയവ മാറ്റ ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇതിനായി ഇന്നോളം ഏകീകൃത ഫീസ് നിശ്ചയിക്കാൻ സർക്കാർ തയാറായിട്ടില്ല. വിവരാവകാശ നിയമ പ്രകാരം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അണ്ടർ സെക്രട്ടറി സി.ഡി ദിലീപ്, വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് പുറമേ പ്രധാനപ്പെട്ട അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്നതെല്ലാം സ്വകാര്യ ആശുപത്രികളിലാണ്. തോന്നുംപടി ഫീസ് ഈടാക്കുന്നതോടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവരുടെ കുടുംബം പാപ്പരാകുന്ന പ്രവണതയാണ് കാണുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷവും വർഷങ്ങളോളം മരുന്ന് കഴിക്കേണ്ടി വരുന്നതും രോഗികളെയും കുടുംബങ്ങളെയും തളർത്തുന്നുണ്ട്. സർക്കാരിന്റേതുൾപ്പെടെ ആശ്വാസ സഹായങ്ങളൊന്നും ഒന്നിനും തികയില്ല.
അതേസമയം, സ്വകാര്യ ആശുപത്രികളിൽ കഴിഞ്ഞ എട്ട് വർഷം എത്ര അവയവമാറ്റ ശസ്ത്രക്രിയ നടന്നെന്ന കണക്ക് പോലും ലഭ്യമല്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ പ്രവർത്തിക്കുന്ന കേരള നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിംഗിന്റെ നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് നൽകിയ മറുപടിയിൽ പറയുന്നു.
എന്നാൽ, 2010 ജനുവരി മുതൽ 2018 ഡിസംബർ വരെ കോട്ടയം മെഡിക്കൽ കോളേജിൽ 134 വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയകളും 4 ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയകളും നടന്നിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ 432 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് നടന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 292 വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയകളും ഒരു കരൾ മാറ്റിവയ്ക്കലും നടന്നു. അതേസമയം, ഇതിൽ കൂടുതൽ ചില സ്വകാര്യ ആശുപത്രികളിലായി നടക്കുന്നുണ്ട്. എന്നാൽ, ഇതിന്റെ കണക്കുമാത്രം ലഭ്യമല്ല.
''ഫീസ് ഘടനയിലൊന്നും ഒരു നിയന്ത്രണവുമില്ല, ഒരു അവയവമാറ്റ ശസ്ത്രക്രിയ വേണ്ടി വന്നാൽ അതോടെ ഒരു കുടുംബം തന്നെ വഴിയാധാരമാവുകയാണ്. ഇതിനൊരു പരിഹാരം വേണം.
രാജു വാഴക്കാല, വിവരാവകാശ പ്രവർത്തകൻ
'' തമിഴ്നാട്ടിലൊക്കെ അവയവമാറ്റ ശസ്ത്രക്രിയകളുടെ പേരിൽ കോടികളുടെ കച്ചവടം നടക്കുന്നത് വസ്തുതയാണ്. പക്ഷെ, കേരളത്തിൽ നിയമം പാലിച്ച് മാത്രമേ നടക്കുന്നുള്ളൂ. ന്യൂറോ സർജനും പ്രിൻസിപ്പലും അടങ്ങിയ പല കമ്മിറ്റികൾ പരിശോധിച്ച് ബ്രെയിൻ ഡെത്ത് സ്ഥിരീകരിച്ചേ അനുമതി നൽകൂ. മരണാനന്തരവും മുൻപും നടക്കുന്ന അവയവ ദാനത്തെ പ്രത്യേകമായി കാണണം. സംസ്ഥാനത്ത് 52 ആശുപത്രികളിൽ അവയവ ദാനം നടക്കുന്നെന്ന് രേഖകളിൽ പറയുമ്പോഴും വളരെ കുറച്ചിടത്ത് മാത്രമേ വൃക്ക, കരൾ, ഹൃദയം മാറ്റിവയ്ക്കൽ പോലുള്ള ശസ്ത്രക്രിയകൾ നടക്കുന്നുള്ളൂ. നിസാരമായ കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്ന ആശുപത്രികൾ പോലും ഈ 52 എണ്ണത്തിന്റെ പട്ടികയിലുണ്ട്. എല്ലാം കച്ചവടമാണെന്ന പ്രചാരണം ഒരുപാട് രോഗികളുടെ പ്രതീക്ഷയ്ക്ക് മേൽ കരിനിഴൽ വീഴ്ത്തും. രണ്ട് വർഷത്തിനകം ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ വരുന്നതോടെ ശസ്ത്രക്രിയയുടെ ഫീസിലും നിയന്ത്രണം വരും.
ഡോ. ബിജോയ്, കെ.ജി.എം.ഒ.എ കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി