കണ്ണൂർ:വാഹന ഇൻഷ്വറൻസ് തുകയിൽ ഒരു വർഷത്തിനിടെ രണ്ടാമതും വൻ വർദ്ധന. ഇൻഷ്വറൻസ് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിട്ടിയുടേതാണ് തീരുമാനം. ജൂണ ഒന്നു മുതലാണ് പ്രീമിയം തുകയിൽ വർദ്ധന നിലവിൽ വന്നത്. തിരഞ്ഞെടുപ്പ് കടം വാഹന ഉടമകളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കമാണിതെന്ന് ആരോപണമുണ്ട്.
കഴിഞ്ഞ വർഷം ഏപ്രിലിൽ കൂട്ടിയ 350 രൂപയ്ക്ക് പുറമെയാണ് വീണ്ടും 300 രൂപ വർദ്ധിപ്പിക്കാൻ ഐ.ആർ.ഡി.എ തീരുമാനിച്ചത്. ബസ് ഉൾപ്പടെയുള്ള പൊതുഗതാഗതം സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിയുന്നതിനിടെയാണിത്.
കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ വർദ്ധിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഐ.ആർ.ഡി.എ മാർച്ച് 31ന് ഇൻഷ്വറൻസ് കമ്പനികൾക്ക് വർദ്ധന വരുത്തരുതെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു. ഒപ്പം തിരഞ്ഞെടുപ്പിന് ശേഷം വർദ്ധന വരുത്താമെന്നും നിർദ്ദേശമുണ്ടായിരുന്നു.
കൈ മലർത്തി ഇൻഷുറൻസ് കമ്പനികൾ :
പ്രീമിയം തുക വർദ്ധിപ്പിച്ചതു സംബന്ധിച്ച് തങ്ങൾക്ക് ഉത്തരവൊന്നും ലഭിച്ചില്ലെന്നാണ് ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥർ പറയുന്നത്. രാവിലെ വന്ന് കംപ്യൂട്ടറിൽ നോക്കുമ്പോൾ മാത്രമായിരിക്കും പ്രീമിയം തുക വർദ്ധിപ്പിച്ച വിവരം അറിയുക. പലപ്പോഴായി നിരവധി തവണ തുക വർദ്ധിപ്പിച്ചിരുന്നു. വാഹന ഉടമകൾ പോലും ഓഫീസിലെത്തി പണം അടക്കുമ്പോൾ മാത്രമാണ് വിവരം അറിയുന്നത്.
നഷ്ടപരിഹാര തുക വർദ്ധിപ്പിക്കാൻ :
വാഹനാപകടത്തിൽ ഉടമ മരണപ്പെട്ടാൽ ലഭിക്കുന്ന നഷ്ടപരിഹാര തുകയിൽ വർദ്ധന വരുത്താനാണ് പ്രീമിയം തുക കൂട്ടിയതെന്നാണ് വിശദീകരണം. മുൻപ് ഉടമ മരണപ്പെട്ടാൽ നിയമനടപടികളൊന്നുമില്ലാതെ നൽകിയിരുന്ന ഇൻഷുറൻസ് തുക ഇരുചക്ര വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപയും മറ്റ് വാഹനങ്ങൾക്ക് രണ്ട് ലക്ഷം രൂപയുമായിരുന്നു. പ്രീമിയം തുക വർദ്ധിപ്പിച്ചതോടെ എല്ലാ വാഹന ഉടമകൾക്കും നഷ്ടപരിഹാര തുക15 ലക്ഷം രൂപയാക്കി ഉയർത്തി. നിയമ നടപടികൾ ഒന്നും ഇല്ലാതെയാണ് ഈ തുക വാഹന ഉടമകളുടെ ആശ്രിതർക്ക് ലഭിക്കുകയെന്നാണ് ഇൻഷുറൻസ് കമ്പനികൾ പറയുന്നത്.
പ്രീമിയം തുക പിടിച്ചുപറി
കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ 1000 സിസിക്ക് താഴെയുള്ള വാഹനങ്ങൾക്ക് 650 രൂപയുടെ വർദ്ധനയാണുണ്ടായത്. 1000-1500 സിസി വാഹനങ്ങൾക്കിത് 787 രൂപയാണ്. ഗുഡ്സ് വാഹനങ്ങൾക്ക് പ്രീമിയം ആയിരത്തിനും മുകളിലാണ്. 7500 കിലോഗ്രാം ഭാരം വരുന്ന ഗുഡ്സ് വാഹനങ്ങൾക്ക് 1700 രൂപയിലധികം വർദ്ധന വരും.ഇതിന് മുകളിലേക്കുള്ള ഓരോ വാഹനങ്ങൾക്കും 2000 മുതൽ 5000 രൂപ വർദ്ധനയാണ് നിലവിൽ വന്നിരിക്കുന്നത്.