തളിപ്പറമ്പ്: ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യംചെയ്തേക്കും. ബക്കളം കടമ്പേരിയിലെ പുതിയാണ്ടി ഹൗസിൽ രേഷ്മ (35)യാണ് വെള്ളിയാഴ്ച രാത്രി എട്ടരയോടെ വെട്ടേറ്റുമരിച്ചത്. ഭർത്താവ് എബ്രാൻ ഹൗസിൽ സന്തോഷ് (35) ഇതേ തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.
ഭാര്യയെ ഒഴിവാക്കാൻ സന്തോഷിന്റെ അമ്മയും സഹോദരിയും നിർബന്ധിച്ചിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സന്തോഷിന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. അഞ്ച് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. എന്നാൽ കുറച്ചു നാളായി വേർപിരിഞ്ഞ് താമസിക്കുകയാണ്.
കണ്ണൂർ കാപ്പാട് പുതിയാണ്ടി ഹൗസിൽ പരേതരായ രാഘവൻ -ശാന്ത ദമ്പതികളുടെ ഏക മകളാണ്
കൊല്ലപ്പെട്ട രേഷ്മ. സന്തോഷിന്റെ കടമ്പേരിയിലുള്ള വീട്ടിലായിരുന്നു ഇവരുടെ താമസം.വിദേശത്തുപോയി മടങ്ങിയെത്തിയ സന്തോഷ് ചെങ്ങളായിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സന്തോഷിന്റെ മാതാവും രേഷ്മയോടൊപ്പം വീട്ടിൽ താമസിച്ചിരുന്നു. വിദേശത്തുള്ള സന്തോഷ് മടങ്ങിയെത്തിയ ശേഷം രേഷ്മയുമായി വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതിന് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. രേഷ്മ വിവാഹമോചനത്തിന് തയാറായിരുന്നില്ല.
സന്തോഷ് ഗൾഫിൽനിന്ന് വന്നശേഷം അമ്മയുമായി ചേർന്ന് പല തവണ രേഷ്മയെ ഉപദ്രവിച്ചതായി പറയുന്നുണ്ട്. തളിപ്പറമ്പിലെ ഗ്യാസ് സ്റ്റൗ റിപ്പയർ കടയിൽ ജോലിയ്ക്ക്പോയാണ് രേഷ്മ ജീവിക്കുന്നത്. ഇതിനിടയിൽ സന്തോഷ് സുഹൃത്തുക്കളുമായി എത്തി വീട്ടിലെ സാധനങ്ങൾ എടുത്ത് കൊണ്ടുപോവുകയും ഗ്ലാസുകൾ തകർക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് രേഷ്മ തളിപ്പറമ്പ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിൽ രേഷ്മയുമായി വിവാഹമോചനത്തിനായി ചർച്ചയും നടത്തി. പത്തുലക്ഷം രൂപ ഭാര്യയ്ക്ക് നല്കാനും ധാരണയുണ്ടായിരുന്നു. ആദ്യം അഞ്ചുലക്ഷവും ബാക്കി പിന്നീടും നൽകാൻ ധാരണയിലെത്തി.സന്തോഷ് ഇതിന് തയ്യാറായില്ലെന്നാണ് പറയുന്നത്.
ഈ തർക്കത്തിനിടെയാണ് സന്തോഷ് വെള്ളിയാഴ്ച രാത്രി രേഷ്മയുടെ താമസസ്ഥലത്തെത്തി വീട്ടിലെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ബഹളംകേട്ട് നാട്ടുകാരാണ് രേഷ്മയെ ആശുപത്രിയിൽ എത്തിച്ചത്. തളിപ്പറമ്പ് സി.ഐ. അനിൽ കുമാറാണ് കേസ് അന്വേഷിക്കുന്നത്.