കാഞ്ഞങ്ങാട്: റെയിൽപാളത്തിൽ വിള്ളൽ കാണപ്പെട്ടതിനെ തുടർന്ന് ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടു. ഇന്നലെ രാവിലെ 7.30നാണ് ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനു സമീപം പള്ളിക്കരയിൽ വിള്ളൽകാണപ്പെട്ടത്. റെയിൽ പാളത്തിന്റെ അടിയിൽ നിന്ന് കരിങ്കല്ലുകൾ നീക്കം ചെയ്ത നിലയിലുമായിരുന്നു.

ഇതേ തുടർന്ന് കണ്ണൂർ - മംഗലാപുരം പാസഞ്ചർ, മലബാർ എക്സ്പ്രസ് എന്നിവ കാഞ്ഞങ്ങാട് സ്റ്റേഷനിലും കച്ചെഗുഡ എക്സ്‌പ്രസ്, തിരുവനന്തപുരം എക്സ്‌പ്രസ് എന്നിവ നീലേശ്വരത്തും നിർത്തിയിട്ടു.

റെയിൽവേ ജീവനക്കാരുടെ പരിശോധനയ്ക്കിടയിലാണ് വിള്ളൽ കണ്ടെത്തിയത്. ജീവനക്കാർ ഉടൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. 9.45 മണിയോടെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.

മംഗലാപുരത്ത് ആശുപത്രികളിലേക്ക് പോകുന്നവർ പ്രധാനമായും ആശ്രയിക്കുന്നത് കണ്ണൂർ - മംഗലാപുരം പാസഞ്ചറിനെയാണ്. അതുപോലെ തന്നെ ജീവനക്കാരിൽ നല്ലൊരു ഭാഗവും യാത്ര ചെയ്യുന്നത് മലബാർ എക്സ്‌പ്രസിലും. രണ്ടു വണ്ടികളും രണ്ടു മണിക്കൂറോളം വഴിയിൽ കുടുങ്ങിയത് യാത്രക്കാർക്ക് ഏറെ ദുരിതമായി. അതിനിടെ പാളത്തിൽ കാണപ്പെട്ട വിള്ളൽ ആരെങ്കിലും മനഃപ്പൂർവം ഉണ്ടാക്കിയതാണോ എന്നസംശയവും ഉയർന്നിട്ടുണ്ട്. റെയിൽവേ പൊലീസും ആർ.പി.എഫും സംഭവസ്ഥലം സന്ദർശിച്ചു. നേരത്തെയും ഇത്തരത്തിൽ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിരുന്നു.