തലശ്ശേരി: ബി.ജെ.പി.പ്രവർത്തകൻ എടച്ചോളി പ്രേമനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ സാക്ഷി വിസ്താരം പൂർത്തിയായി.തലശ്ശേരി നഗരസഭാ ചെയർമാൻ ഉൾപ്പെടെ എട്ട് സി.പി.എം.പ്രവർത്തകർ പ്രതികളായുള്ള കേസിന്റെ വിചാരണ രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ആർ.എൽ. ബൈജു മുമ്പാകെയാണ് നടക്കുന്നത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ ഇരുവിഭാഗം അഭിഭാഷകരുടെയും വാദം 18ന് നടക്കും.

2005 ഒക്ടോബർ 13 ന് രാവിലെ പതിനൊന്ന് മണിയോടെ കോടിയേരി മൂഴിക്കരയിലെ അനിയുടെ സ്റ്റേഷനറി കടയിലെ കോയിൻ ബൂത്തിൽ നിന്നും ഫോൺ ചെയ്യുകയായിരുന്ന പ്രേമനെ (29) പ്രതികൾ രാഷ്ട്രീയ വിരോധം കാരണം വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. സി.പി.എം.പ്രവർത്തകരും കോടിയേരി സ്വദേശികളുമായ കെ.അഭി എന്ന അഭിനേഷ് (38) വി.പി.ഷൈജേഷ് (37) കനിയിൽ പി. മനോജ് (40) കാട്ടിന്റവിട ചാത്തമ്പള്ളി വിനോദ് (40) തയ്യിൽ വട്ടക്കണ്ടി സജീവൻ (39) വട്ടക്കണ്ടി റിഗേഷ് (36) കുനിയിൽ ചന്ദ്രശേഖരൻ (55) കാരാൽ തെരുവിലെ കുനിയിൽ സി.കെ.രമേശൻ (50) എന്നിവരാണ് കേസിലെ പ്രതികൾ. കണ്ട്യൻ അജേഷിന്റെ പരാതി പ്രകാരമാണ് പൊലീസ് പ്രഥമവിവരം രേഖപ്പെടുത്തിയിരുന്നത്. കെ.ദിനേശൻ, എം.കെ.രവീന്ദ്രൻ, എം.അശോകൻ, പി.രമേശൻ, ഡോ.ശ്യാമള, ഡോ.ജോർജ്കുട്ടി, ഡോ.കെ.എസ്.കൃഷ്ണകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ എം.ഡി.പ്രേമദാസൻ, തോമസ് മാത്യു, കെ.ബിനു, ശശിധരൻ, ടി. ശ്രീധരൻ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.

പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ അഡ്വ.കെ.പി. ബിനീഷയാണ് ഹാജരാവുന്നത്. അക്രമത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ പ്രേമൻ മാസങ്ങളോളം തുടർന്ന ചികിൽസക്കിടയിലാണ് മരണപ്പെടുന്നത്. പ്രതികൾക്ക് വേണ്ടി അഡ്വ.സി.കെ.ശ്രീധരനും അഡ്വ.കെ.സത്യനുമാണ് ഹാജരാവുുന്നത്.