കണ്ണൂർ: കളക്ടറേറ്റ് വളപ്പിലെ തുരുമ്പെടുത്ത വാഹനങ്ങൾ ലേലം ചെയ്യാനുള്ള നടപടികൾ നിലച്ചു. ഇതോടെ വിവിധ വകുപ്പുകളുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള വാഹനങ്ങളാണ് ഇവിടെ കിടന്നു നശിക്കുന്നത്. കൂടാതെ പുതിയ വാഹനങ്ങൾ പാർക്കിംഗിന് ഇടമില്ലാതെ റോഡരികിൽ നിർത്തിയിടേണ്ട സ്ഥിതിയുമാണ്. തുരുമ്പെടുത്ത വാഹനങ്ങൾ കൂട്ടിയിട്ട സ്ഥലം വിട്ടുകിട്ടിയാൽ കളക്ടറേറ്റിലെത്തുന്നവർക്കും സൗകര്യമാകും.
ലേലം ചെയ്യുന്നത് പത്തു വർഷത്തിലേറെ കാലാവധിയുള്ള വാഹനങ്ങൾ
പത്തുവർഷത്തിലധികം കാലാവധിയുള്ളതും 1,60,000 കിലോമീറ്റർ ഓടിയതുമായ സർക്കാർ വാഹനങ്ങൾ മാത്രമേ ലേലം ചെയ്യാൻ പാടുള്ളൂവെന്നാണ് ചട്ടം. പൊളിച്ചുമാറ്റാനും വിൽപ്പനയ്ക്കും നിരവധി കടമ്പകൾ നിലനിൽക്കുന്നതാണ് ലേലം വൈകിപ്പിക്കുന്നത്. ധനകാര്യവകുപ്പിന്റെ കീഴിലുള്ള ദേശീയ സമ്പാദ്യ പദ്ധതിയുടെ കാർ വർഷങ്ങളായി കളക്ടറേറ്റിനുള്ളിൽ തുരുമ്പെടുത്ത് കിടക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ മെക്കാനിക്കൽ വിഭാഗത്തിന്റെ അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്.
വാഹനം ലേലം ചെയ്യുന്നതിന് ദേശീയ സമ്പാദ്യ വകുപ്പിന്റെ ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. രണ്ടു തവണ ലേലം നിശ്ചയിച്ചിരുന്നെങ്കിലും വാങ്ങാൻ ആളില്ലാത്തതിനാൽ നീണ്ടു. ഒടുവിൽ ഈ വാഹനം ആക്രി വിലയ്ക്ക് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ദാരിദ്ര്യനിർമാർജന വകുപ്പിന്റെ കീഴിലുള്ള ജീപ്പും ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനായി തിരുവനന്തപുരം ഗ്രാമ വികസന കമ്മീഷന് കത്തു നൽകി. പത്തു വർഷങ്ങൾക്കു മുമ്പാണ് തലശേരി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ദാരിദ്ര്യനിർമാർജന വകുപ്പിന്റെ ആവശ്യങ്ങൾക്കായി ജീപ്പ് കണ്ണൂരിൽ എത്തിച്ചത്.