തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിനെ വരൾച്ച ബാധിതമായി പ്രഖ്യാപിക്കണമെന്ന് വികസന സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് തടിക്കടവ് മണ്ഡലം പ്രസിഡന്റ് മൈക്കിൾ പാട്ടത്തിന്റേതാണ് നിർദ്ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യാൻ മെയ് 31ന് ശേഷവും പണം അനുവദിക്കണമെന്ന ശ്രീകണ്ഠാപുരം നഗരസഭാ ചെയർമാന്റെ ആവശ്യവും അംഗീകരിച്ചു.
മെയ് വരെ കുടിവെള്ളം നൽകാനുള്ള ഫണ്ട് മാത്രമേ സർക്കാർ അനുവദിച്ചിട്ടുള്ളൂവെന്നും മഴ പെയ്യാത്തത് പ്രതിസന്ധിയായെന്നും ചെയർമാൻ പി.പി രാഘവൻ വികസന സമിതി യോഗത്തിൽ പറഞ്ഞു. ഇക്കാര്യം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കുറുമാത്തൂർ തുമ്പശേരി എസ്റ്റേറ്റിലെ മിച്ചഭൂമി പ്രശ്‌നത്തിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിർമ്മാണം നിർത്താൻ പഞ്ചായത്ത് നടപടി വേണമെന്ന് യോഗം നിർദ്ദേശിച്ചു.
നടുവിൽ പഞ്ചായത്തിലെ കരുവഞ്ചാൽ-വെള്ളാട്-മീമ്പറ്റി റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആം ആദ്മി പാർട്ടി ഇരിക്കൂർ മണ്ഡലം കൺവീനർ എടവളഞ്ഞിയിൽ തോമസ് കുര്യൻ ആവശ്യപ്പെട്ടു. 2016 ജൂൺ 10നും 2017 ഫെബ്രുവരി 9നും ഇടയിൽ 3.5 മീറ്റർ നവീകരിച്ച് മെക്കാഡം ടാറിംഗ് നടത്താൻ 3.20 കോടിക്ക് കരാറായിരുന്നു. വെള്ളാട് മുതൽ 2 കിലോമീറ്റർ പൂർത്തീകരിച്ച കരാറുകാരൻ 1,77,99525 രൂപ കൈപ്പറ്റി. എന്നാൽ കരുവഞ്ചാൽ വരെയുള്ള ബാക്കി ഭാഗം പൂർത്തിയാക്കിയില്ലെന്നായിരുന്നു പരാതി.
നാട്ടുകാരുടെ ആക്ഷൻ കമ്മിറ്റി പണി തടഞ്ഞതാണ് നിർമ്മാണം തടസപ്പെട്ടാൻ കാരണമെന്ന് തളിപ്പറമ്പ് അസി. എക്‌സിക്യുട്ടീവ് എൻജിനീയർ സി. ദേവേശൻ മറുപടി നൽകി. കരാറുകാരനെ ഒഴിവാക്കാൻ പൊതുമരാമത്ത് സെക്രട്ടറിയുടെ ഉത്തരവ് വേണമെന്നും വികസന സമിതിയെ അറിയിച്ചു. തുടർ നടപടികൾക്കായി ജില്ലാ വികസന സമിതി മുമ്പാകെ പരാതി നൽകാൻ യോഗം നിർദ്ദേശിച്ചു. ചുണ്ടപ്പറമ്പ് ജംഗ്ഷനിൽ പുതിയ ബസ് സ്റ്റോപ്പ് അനുവദിക്കുന്നത് അടുത്ത ആർ.ടി.എ യോഗം പരിഗണിക്കും. നഗരസഭാ ചെയർമാൻ അള്ളാംകുളം മഹമ്മൂദ് അദ്ധ്യക്ഷത വഹിച്ചു. ശ്രീകണ്ഠാപുരം നഗരസഭാ ചെയർമാൻ പി.പി രാഘവൻ, ജില്ലാ പഞ്ചായത്ത് അംഗം ടി. സരസ്വതി, തഹസിൽദാർ കെ. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.