മാഹി .ഇടവേളയ്‌ക്ക് ശേഷം കവിയൂർ, പെരിങ്ങാടി പ്രദേശങ്ങൾ വീണ്ടും മോഷ്ടാക്കളുടെ വിഹാരകേന്ദ്രങ്ങളായി.
കവിയൂർ വായനശാലയ്‌ക്ക് പിറകിലെ ലാമിയ എന്ന വീട്ടിൽ മോഷണം നടന്നു. വീട്ടുകാർ ചെന്നൈയിലാണുള്ളത്. ആറ് വാതിലുകൾ കുത്തിപ്പൊളിച്ചിട്ടുണ്ട്. അലമാരകൾ തകർത്തിട്ടുമുണ്ട്. മോഷണം തിട്ടപ്പെടുത്തിയിട്ടില്ല.
പുതിയലത്ത് ബാലൻ അടിയോടിയുടെ വീട്ടിൽ കയറിയ കള്ളൻ കുളിമുറിയിൽ കുളിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ ഓടി രക്ഷപെടുകയായിരുന്നു. മോഷ്ടാക്കളുടെ വസ്ത്രങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
രയരപ്പൻ കണ്ടിയിൽ മുരളീധരന്റെ വീടിന്റെ വാതിലും തകർത്തിട്ടുണ്ട്. അനുജൻ ആർ.കെ.ഉദയകുമാറിന്റെ അടുത്തിടെ ഗൃഹപ്രവേശം നടന്ന വീട്ടിലും മോഷണശ്രമമുണ്ടായി.
വേലായുധൻ മൊട്ടയിലെ ബിസ്മില്ല മൻസിലിൽ ഗ്രിൽസും വാതിലും തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ വീട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് ഓടി രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച, ഷർട്ട് ധരിക്കാത്ത രണ്ടു പേരാണ് ഓടിപ്പോയതെന്ന് വീട്ടുകാർ പറയുന്നു.
സമാന രീതിയിൽ ആറ് മാസം മുമ്പ് വീട്ടിൽ ആളില്ലാത്തപ്പോൾ അഡ്വ.. പി.കെ.രവീന്ദ്രന്റെ വീട്ടിൽ നിന്ന് വാതിലുകളും അലമാരകളും തകർത്ത് സ്വർണ്ണവും പണവും കവർന്നിരുന്നു. അതിനും മുമ്പ് നാല് വീടുകളിൽ ഒരേ ദിവസം മോഷണം നടന്നിരുന്നു. നാടോടികളും അന്യദേശ തൊഴിലാളികളുമാണ് സംശയിക്കപ്പെടുന്നത്. ന്യൂ മാഹി പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.