പയ്യന്നൂർ: ദേശീയ പാതയിൽ കണ്ടോത്ത് ആയുർവേദ ആശുപത്രിക്ക് സമീപം ടിപ്പർ ലോറിയും കെ.എസ്.ആർ ടി.സി. ബസും കൂടിയിടിച്ച് മുപ്പതു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നേമുക്കാലിനാണ് അപകടം.
കാഞ്ഞങ്ങാട്ടു നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ചെങ്കല്ല് ഇറക്കി കോഴിക്കോട്ടു നിന്ന് തിരിച്ചു വരികയായിരുന്ന ടിപ്പർ ലോറിയുമാണ് കുട്ടിയിടിച്ചത്. മുന്നിലുള്ള ഇലക്ട്രിക് പോസ്റ്റ് തകർത്താണ് ബസ് നിന്നത്. അപകടം നടന്നയുടനെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വലിയൊരു അത്യാഹിതം ഒഴിവായി. ബസിന്റെ മുൻവശത്തെ ആക്‌സിൽ ഒടിഞ്ഞ് ഒരു ചക്രം ദൂരേക്ക് തെറിച്ച് പോയിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ടിപ്പർ ഡ്രൈവർ കോഴിക്കോട് കുന്ദമംഗലം സ്വദേശി പി.കെ. സമീറി (24)നെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്. ആർ.ടി.സി. ഡ്രൈവർ വിളയാങ്കോട്ടെ ടി.ദിലീപ് (40), കണ്ടക്ടർ മണ്ടൂരിലെ പി.വി. ചന്ദ്രൻ (44) എന്നിവർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലാണുള്ളത്. പരിക്കേറ്റ ബസ് യാത്രക്കാരായ രമ്യ (30) ഇരിട്ടി, ആദിത്യ അനിൽ (10) ഇരിട്ടി, രാഗേഷ് (30) കണ്ണങ്കൈ, കെ.ശരത് (27) കാർത്തികപുരം, കെ.രേണുക ( 36 ) പാനൂർ, എം.വി.രാജൻ (46) കാഞ്ഞങ്ങാട്, കെ.ജയലക്ഷ്മി (44) പാനൂർ,സിന്ധു 45 മുഴപ്പിലങ്ങാട്, പ്രീത (37) കൊയ്യോട്,ഹിഷാം (12) പടന്ന, ബിനോയ് ജോൺ ( 35) ഇടുക്കി, ഋതിക് രവീന്ദ്രൻ (10 ) കൊയ്യോട്, കെ.വി.മോഹൻ(51) ഉമ്മറ പൊയിൽ, ആനന്ദകൃഷ്ണൻ ( 22) കാസർഗോഡ്, എം. പ്രിയങ്ക ( 23) മടിക്കൈ ,അബ്ദു റഹിമാൻ (45) കീഴൂർ, ചന്ദ്രിക (54) കീച്ചേരി, സുന്ദരേശ് (48) അരവഞ്ചാൽ, പ്രിയ (24) ഏഴിലോട്, ആഗ്‌നേയ സുനിൽ (ഒരു വയസ്) ഏഴിലോട്, പി.വി. രവീന്ദ്രൻ (45) കൊയ്യോട്, പി.കിരൺ ( 29) തലശ്ശേരി, ഷരീഫ (33) പടന്ന, പുഷ്പ (50) പള്ളിക്കര, പി. രമ്യ (53) ബദിയടുക്ക , കെ. ജിമ്മി (35) തലശ്ശേരി, ആദ്ര (20) കാസർകോട് എന്നിവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.