ചെറുവത്തൂർ: പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും വർഷങ്ങളായി ജൂൺ ഒന്നാം തീയതി അത്യുത്പാദന ശേഷിയുള്ള തെങ്ങിൻ തൈകൾ വിതരണം ചെയ്തു വരുന്ന പദ്ധതി ഇത്തവണ മുടങ്ങി. ഈ പദ്ധതിക്കു പകരം കേരഗ്രാമം പദ്ധതി നടപ്പിലാക്കാനുള്ള കാർഷിക വകുപ്പിന്റെ തീരുമാനമാണ് ഇതിനു കാരണമായി പറയുന്നത്.

തെങ്ങിൻ തൈകൾക്കായി ഇന്നലെ രാവിലെ പിലിക്കോട് എത്തിയ നൂറുകണക്കിന് കർഷകർ ഇതേത്തുടർന്ന് നിരാശരായി തിരിച്ചുപോയി. പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പതിനായിരത്തോളം സങ്കരയിനത്തിൽപ്പെട്ട കേരഗംഗ, ലക്ഷഗംഗ, അനന്തഗംഗ, കേരശ്രീ തുടങ്ങി അതുത്പാദന ശേഷിയുള്ള തെങ്ങിൻ തൈകളാണ് കേര കർഷകരെ കാത്തിരിക്കുന്നത്.

കഴിഞ്ഞ വർഷം വരെ മുൻകൂട്ടി അപേക്ഷ നൽകുന്ന ഒരു കർഷകന് റേഷൻകാർഡ് സഹിതം ഹാജരായാൽ ഒന്നിന് 250 രൂപ നിരക്കിൽ അഞ്ചു തൈകളായിരുന്നു നൽകിയിരുന്നത്. തെക്കൻ ജില്ലകളിൽ നിന്നുപോലും ഇവിടുത്തേക്ക് കർഷകർ എത്തിയിരുന്നു. പുതിയ നയം കാരണം അതത് കൃഷി ഭവൻ മുഖേന വിതരണം ചെയ്യാനാണ് കൃഷി വകുപ്പ് ആലോചിക്കുന്നതെന്നാണ് സൂചനകൾ.

സി.പി.സി.ആർ.ഐ കാസർകോട്, പടന്നക്കാട് കാർഷിക ഗവേഷണ കേന്ദ്രം, കരുവാച്ചേരി കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സ്ഥിതി ഇതുതന്നെ. സംസ്ഥാനത്ത് ഒട്ടാകെ ഒരു വർഷം പ്രായമുള്ള അഞ്ചുലക്ഷം തൈകൾ ഇത്തരത്തിൽ വിതരണത്തിനായി കാർഷിക വകുപ്പ് തയ്യാറാക്കി വെച്ചിട്ടുണ്ടെന്നാണ് കൃഷിവകുപ്പുമായിബന്ധപ്പെട്ടവർ പറയുന്നത്.

കേരഗ്രാമം പദ്ധതി

നാളികേര ഉത്പാദനം ശാസ്ത്രീയമായി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് കേരഗ്രാമം. തെങ്ങ് കൃഷിയ്ക് സമഗ്രപരിചരണത്തിനായി തടം തുറക്കൽ, ഉത്പാദനോപാധികൾ നൽകൽ, പമ്പ്‌സെറ്റ്, മണ്ണിര കമ്പോസ്റ്റ് സ്ഥാപിക്കൽ തുടങ്ങിയ വിവിധ ഇനങ്ങൾക്കായി സബ്‌സിഡി നൽകുന്ന ബൃഹദ് പദ്ധതിയാണിത്. കേരളകാർഷികവകുപ്പിന്റെയും പഞ്ചായത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുക.