കാസർകോട്: സമൂഹത്തെ നയിക്കേണ്ട നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികൾ സ്വന്തം കുടുംബത്തിൽ നിന്നു പോലും അതിക്രമങ്ങൾ നേരിടുന്നത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം പ്രവണതകളെ തടയാനും ശിശു സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാനും ജില്ലയിൽ വിപുലമായ സാമൂഹ്യ ബോധവത്കരണ കാമ്പയിനു തുടക്കമായി. ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. പി.പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു.

ലോക രക്ഷാകർതൃ ദിനമായ ജൂൺ ഒന്ന് മുതൽ നവംബർ 14 വരെ സംഘടിപ്പിക്കുന്ന ബൃഹത്തായ സാമൂഹിക ബോധവത്കരണ പരിപാടി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് നടത്തുന്നത്. കൂട്ടു കുടുംബ വ്യവസ്ഥയിൽ പരമ്പരാഗതമായി ശീലിച്ചു വന്ന രക്ഷാകർതൃത്വ പ്രക്രിയകൾ ഇന്നത്തെ അണുകുടുംബ സാഹചര്യത്തിൽ പുതിയതലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് ശ്യാമളാ ദേവി പറഞ്ഞു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്ന് പതിനഞ്ചോളം നിയമങ്ങൾ പ്രാബല്യത്തിലുണ്ടെന്നും ഉത്തരവാദിത്ത രക്ഷാകർതൃത്വത്തിനുള്ള പാഠങ്ങളാണ് സമൂഹം പഠിക്കേണ്ടതെന്നും അവർ പറഞ്ഞു.
ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഡീനാ ഭരതൻ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ പി. ബിജു, ജുവൈനൽ ജസ്റ്റിസ് ബോർഡ് മെമ്പർ ബി. മോഹൻ കുമാർ, ഡി.സി.ആർ.ബി ഡിവൈ.എസ്.പി ജെയ്‌സൺ കെ. എബ്രഹാം, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ ഉഷാകുമാരി, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ എസ്. പ്രമീള, കാസർകോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി.ബി ബഷീർ, ഡി.സി.പി.യു പ്രൊട്ടക്ഷൻ ഓഫീസർ എ.ജി ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് ചൈൽഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസർമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ, സൈക്കോസോഷ്യൽ കൗൺസിലർമാർ, ചൈൽഡ്‌ലൈൻ പ്രവർത്തകർ എന്നിവർക്കായി ശില്പശാല സംഘടിപ്പിച്ചു.