കാസർകോട്: തലപ്പാടി ദേശീയപാതയിൽ അധികൃതർ ടോൾ നിരക്ക് കൂട്ടി. പിന്നാലെ കേരള, കർണ്ണാടക കെ. എസ്. ആഉ. ടി. സിയും നിരക്ക് കൂട്ടി. ചാർജ് വർദ്ധന ഇന്നലെ നിലവിൽ വന്നു. യാതൊരുവിധ മുന്നറിയിപ്പും നൽകാതെയാണ് നിരക്ക് കൂട്ടിയതെന്ന് യാത്രക്കാർ ആരോപിച്ചു. നിരക്ക് കൂട്ടാതെ പിടിച്ചുനിൽക്കാൻ വേറെ മാർഗമില്ലെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ മനോജ് പറഞ്ഞു. മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്കോ തിരിച്ചോ യാത്ര ചെയ്യുന്നവർ മൂന്ന് രൂപയാണ് അധികം നൽകേണ്ടത്. നേരത്തെ 56 രൂപയുണ്ടായിരുന്നിടത്ത് ഇപ്പോൾ 59 രൂപ ടിക്കറ്റിന് നൽകണം. കുമ്പളയിൽ നിന്ന് മംഗളൂരുവിലേക്കോ തിരിച്ചോ നേരത്തെ 46 രൂപയുണ്ടായിരുന്നത് 48 രൂപയായി. ബന്തിയോട് 41 രൂപയുണ്ടായിരുന്നത് 44 രൂപയായി. ഹൊസങ്കടിയിലേക്ക് 36 രൂപയുണ്ടായിരുന്നത് 38 രൂപയായും ഉപ്പള നയാബസാറിലേക്ക് 39 രൂപയുണ്ടായിരുന്നത് 42 രൂപയായും വർദ്ധിച്ചിട്ടുണ്ട്.
തലപ്പാടിയിൽ ടോൾ ബൂത്ത് എത്തുന്നതിന് മുമ്പ് കയറുന്നവർ 27 രൂപ നൽകണം. നേരത്തെ 25 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. മൂന്ന് മാസം മുമ്പ് തന്നെ കർണാടക ട്രാൻസ്‌പോർട്ട് അധികൃതർ നിരക്ക് വർദ്ധന സംബന്ധിച്ച് കത്ത് നൽകിയിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. ഒരു ബസിന് ഒരുമാസത്തേക്ക് 3950 രൂപയാണ് ഒരു ടോൾ അടച്ചുകൊണ്ടിരുന്നത്. ഈ തുകയിൽ 50 ട്രിപ്പുകൾ അങ്ങോട്ടും ഇങ്ങോട്ടും നടത്താം. സാധാരണ ഒരു ബസ് ഒരുദിവസം ആറ് ട്രിപ്പ് വരെയാണ് നടത്തുന്നത്. ഇപ്പോൾ അത് 4100 രൂപയായാണ് വർദ്ധിച്ചത്.
എല്ലാ വർഷവും ഇത്തരത്തിൽ നിരക്ക് വർദ്ധിപ്പിക്കുന്നതിന് ദേശീയപാത അതോറിട്ടിയുമായി കരാറുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ടോൾ ബൂത്ത് കടന്നുപോകുന്നവർക്ക് മാത്രമാണ് നിരക്ക് വർദ്ധന ബാധകമാകുന്നത്. കാസർകോട്ടുനിന്ന് തലപ്പാടി വരെയും തലപ്പാടിയിൽ നിന്ന് മംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് നിരക്ക് വർദ്ധന ബാധകമല്ലെന്നും അധികൃതർ വിശദീകരിക്കുന്നു.