കണ്ണൂർ:പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചും കോൺഗ്രസ് നേതാക്കളെ അപമാനിച്ചും സംസാരിച്ചതിനു പിന്നാലെ എ.പി. അബ്ദുള്ളക്കുട്ടിയെ ഇന്ന് കോൺഗ്രസിൽ നിന്നു പുറത്താക്കിയേക്കും. കെ.പി.സി.സി ഇന്ന് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കണ്ണൂരിലും പാർട്ടി നിലപാട് വിശദീകരിക്കും.
ഫേസ്ബുക്കിൽ മോദിയെ അനുകൂലിച്ച് പ്രതികരിച്ചതിനെ വിമർശിച്ച വി.എം സുധീരനെയടക്കം രൂക്ഷമായ ഭാഷയിൽ അബ്ദുള്ളക്കുട്ടി പരിഹസിച്ചിരുന്നു. തുടർന്ന് കെ.പി.സി.സി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ബി.ജെ.പിയുമായി ധാരണ ഉണ്ടാക്കിയാണ് അബ്ദുള്ളക്കുട്ടി ഇത്തരം പരാമർശങ്ങൾ നടത്തിയതെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നു. സി.പി.എമ്മിനെ പോലൊരു പാർട്ടി ചെറുപ്രായത്തിൽ തന്നെ രണ്ട് തവണ എം.പിയാക്കിയ അദ്ദേഹം വ്യക്തിതാത്പര്യങ്ങൾ മാത്രം മുൻ നിർത്തിയാണ് പെരുമാറുന്നതെന്നും ബി.ജെ.പിയുടെ ഏതെങ്കിലും ഘടകത്തിൽ അദ്ദേഹം ഉണ്ടാകുമെന്നും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
അതേസമയം, കോൺഗ്രസും അബ്ദുള്ളക്കുട്ടിയുമായുള്ള പ്രശ്നത്തെ കുറിച്ച് തത്കാലം ഒന്നും പറയാനില്ലെന്നും ഇക്കാര്യം പാർട്ടിയുമായി ആലോചിച്ചു മാത്രമേ തീരുമാനിക്കൂയെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള കേരളകൗമുദിയോട് പറഞ്ഞു. വിവാദങ്ങക്ക് പിന്നാലെ അബ്ദുള്ളക്കുട്ടിയുടെ മൊബൈൽ ഫോൺ ഓഫാണ്.
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർത്ഥിക്കുപ്പായം ലക്ഷ്യമിട്ടാണ് അബ്ദുള്ളക്കുട്ടി മോദി അനുകൂല പ്രസ്താവന ഇറക്കിയതെന്നാണ് ആരോപണം. എന്നാൽ അബ്ദുള്ളക്കുട്ടി മഞ്ചേശ്വരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയാകുന്നതിനോട് പാർട്ടി അണികൾക്ക് ശക്തമായ അമർഷം ഉണ്ട്. മുസ്ലീം ലീഗ് സ്ഥാനാർത്ഥി അന്തരിച്ച പി.ബി അബ്ദുൾ റസാഖിനോട് 89 വോട്ടിനാണ് കഴിഞ്ഞതവണ ഇവിടെ ബി.ജെ.പിയുടെ കെ. സുരേന്ദ്രൻ തോറ്റത്. അബ്ദുള്ളക്കുട്ടി മത്സരിച്ചാൽ ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുകൾ നഷ്ടമാകുമെന്നാണ് ആശങ്ക.