ദിവസം ശരാശരി ഉത്പാദനം 68,127 ലിറ്റർ പാൽ
2018-19ൽ 2,48,66,586 ലിറ്റർ
2017-18ൽ 2,25,91,145 ലിറ്റർ
2016-17 ൽ 2,07,75, 044 ലിറ്റർ
കാസർകോട്: ജില്ല പാലുത്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്ക് കുതിക്കുന്നു. 2018-19ൽ 2,48,66,586 ലിറ്റർ പാൽ ഉത്പാദിപ്പിച്ചു. അതായത് ഒരു ദിവസം 68127 ലിറ്റർ പാൽ ശരാശരി ഉത്പാദിപ്പിക്കുന്നു. 2016-17 വർഷത്തിൽ ജില്ലയിൽ ക്ഷീരസംഘങ്ങൾ വഴി ഉത്പാദിപ്പിച്ചത് 2,07,75, 044 ലിറ്റർ പാലാണ്. അതായത് ഒരു ദിവസം 56917 ലിറ്റർ പാൽ . 2017-18ൽ ഒരു ദിവസം 61893 ലിറ്റർ എന്ന കണക്കിൽ ക്ഷീരസംഘങ്ങൾ വഴി 2,25,91,145 ലിറ്റർ പാൽ ഉത്പാദിപ്പിച്ചു.
ജില്ലയിൽ 6 ബ്ലോക്കുകളിലായി പ്രവർത്തിക്കുന്ന 140 ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ ഏകദേശം 8000 കർഷകരിൽ നിന്നുമായി പ്രതിദിനം 70,000 ലിറ്റർ പാൽ സംഭരിച്ചു വിപണനം നടത്തിവരുന്നു. പാലുത്പാദനത്തിൽ 2016-17 വർഷത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 20 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ജില്ലയെ പാലുത്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുന്നതിനാവശ്യമായ നിരവധി പ്രവർത്തനങ്ങളാണ് ക്ഷീരവികസന വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
ക്ഷീര കർഷകർക്കായി വിവിധ പദ്ധതികൾ
ക്ഷീരകർഷകന് പാലുത്പാദന മേഖലയിലെ നവീന അറിവുകൾ പകർന്നു നൽകുന്നതിന് വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ, ക്ഷീരസഹകരണ സംഘങ്ങളുടെ നവീകരണത്തിനായുള്ള ധനസഹായം എന്നിവ നൽകുന്നു. കറവമാടുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് മിൽക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയുമുണ്ട്. ഇതിൽ പരപ്പ, നീലേശ്വരം, കാഞ്ഞങ്ങാട് ബ്ലോക്കുകളിൽ എം.എസ്.ഡി.പി ഡയറിസോൺ പദ്ധതിയും 2018-19 സാമ്പത്തിക വർഷം പനത്തടി ഗ്രാമപഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതിയും നടപ്പിലാക്കിയിരുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നും കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 848 പശുക്കളെയും, 365 കിടാരികളെയും വാങ്ങിയിട്ടുണ്ട്.
പാൽ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന്, ക്ഷീരസംഘങ്ങൾക്ക് നവീന പാൽ പരിശോധന സൗകര്യമൊരുക്കൽ, വൃത്തിയായ രീതിയിൽ പാൽ കൈകാര്യം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ എന്നിങ്ങനെ വിവിധ പദ്ധതികളും, പാലുത്പാദന ചെലവ് കുറച്ച് ഉത്പാദനം ലാഭകരമാക്കുന്നതിന് തീറ്റപ്പുൽകൃഷി വികസന പരിപാടികളും നടപ്പിലാക്കിവരുന്നു. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖാന്തിരം ക്ഷീരസംഘങ്ങളിൽ പാൽ അളന്ന ക്ഷീരകർഷകർക്ക് പാൽവില ഇൻസെന്റീവായും നൽകുന്നു.