തളിപ്പറമ്പ്: ദേശീയപാതയോരത്ത് തളിപപ്റമ്പിൽ കോഫി ഹൗസിന് മുൻവശത്തെ
ഫോണോ ഷോപ്പിൽ കവർച്ചാ ശ്രമം. ഫോൺഷാപ്പ് കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മോഷ്ടാവ് ഉപേക്ഷിച്ച ഇരുമ്പ് ദണ്ഡ് പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
. ഉണ്ടപ്പറമ്പ് സ്വദേശി കെ. എസ്. മഷ്ഹൂദിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. കണ്ണൂരിൽ നിന്നും പൊലീസ് നായ റിക്കിയെ എത്തിച്ച് പരിശോധന നടത്തി. കടയുടെ മുൻവശത്ത് നിന്നും മോഷ്ടാവ് ഉപയോഗിച്ച ഇരുമ്പ് വടി കണ്ടെടുത്തു.മൊബൈൽ ഷോപ്പിന് സമീപം നിർമ്മാണത്തിലിരിക്കുന്ന വ്യാപാര സമുച്ചയത്തിലേക്കാണ് പൊലീസ് നായ ആദ്യം ഓടിയത്. അവിടെ നിന്നും തൊട്ടപ്പുറത്തെ ബെൽ സ്‌ക്വയർ ഷോപ്പിംഗ് കോംപ്ലക്‌സ് വരെ ഓടിയാണ് നായ നിന്നത്.ഈ വഴിയാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം.
ശനിയാഴ്ച്ച രാത്രിക്കും ഞായറാഴ്ച്ച പുലർച്ചെക്കിടയിലുമാണ് സംഭവം. മൊബൈൽ ഫോൺ ഷോപ്പിന്റെ മുൻവശത്തെ ഗ്ലാസ് അടിച്ചു തകർത്തിട്ടുണ്ട്. അതിന് ശേഷം കടയുടെ ഷട്ടറിന്റെ വലതു ഭാഗം ഇരുമ്പ് ദണ്ഡ് കൊണ്ട് അടർത്തി മാറ്റിയ നിലയിലാണ്.