തൃക്കരിപ്പൂർ: ചെറുകാനം പാടിൽ പുഴയ്ക്ക് പാലം പണിയണമെന്ന ദശാബ്ദങ്ങളുടെ ആവശ്യം നിറവേറുമെന്ന പ്രതീക്ഷയിൽ വീണ്ടും പ്രദേശവാസികൾ. പയ്യന്നൂർ നഗരസഭയിൽ ഉൾപ്പെടുന്ന പുഴയുടെ മറുകരയായ കാറമേൽ ഭാഗത്ത് പാലം ചെന്നെത്തുമെന്നു കരുതുന്ന സൈറ്റിലേക്ക് റോഡ് നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയതോടെയാണ് പുഴയുടെ തൃക്കരിപ്പൂർ ഭാഗത്തെ ജനങ്ങളിൽ വീണ്ടുംപ്രതീക്ഷ വളർന്നത്.
പയ്യന്നൂർ നഗരസഭയുടെയും തൃക്കരിപ്പൂർ പഞ്ചായത്തിന്റെയും അതിർത്തിയിൽകൂടി ഒഴുകുന്ന
പാടിൽപുഴയിൽ ഷട്ടർ കം ബ്രിഡ്ജ് വേണമെന്നായിരുന്നു നാട്ടുകാർ ആദ്യം ആവശ്യപ്പെട്ടിരുന്നത്. കരിവെള്ളൂർ പഞ്ചായത്തിലെ കുണിയനടക്കമുള്ള പ്രദേശങ്ങളിലെ നൂറുകണക്കിന് ഏക്കറയിൽ പരന്നുകിടക്കുന്ന നെൽവയലുകളിൽ കവ്വായി കായലിന്റെ കൈവഴിയായ ഒളവറ പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിൽ.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്ഥലം എം.എൽ.എ. ആയിരുന്ന കെ. കുഞ്ഞിരാമന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധനയടക്കമുള്ള ചില നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും പദ്ധതി നടപ്പിലായില്ല. തുടർന്ന് ട്രാക്ടർ വേ പണിയുമെന്ന നിർദ്ദേശം വന്നുവെങ്കിലും അതും നടന്നില്ല. നേരത്തെ പാടിൽ പുഴയിൽ ഇരുകരകളിലേക്കും പോകാനായി സ്വയം നിയന്ത്രിച്ചു യാത്ര ചെയ്യാവുന്ന ഫൈബർ ബോട്ട് ഉണ്ടായിരുന്നു. അതിൽ ദ്വാരം വീണ് തകർന്നതോടെയാണ് പാലം എന്ന ആവശ്യം ഉയർന്നത്.
പാലം വന്നാൽ പയ്യന്നൂർ നഗരസഭയിലെ കാറമേൽ, അന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് തൃക്കരിപ്പൂരിലെത്താനും ചെറുകാനം, തങ്കയം, എടാട്ടുമ്മൽ ഭാഗത്തുള്ളവർക്ക് പയ്യന്നൂർ ഭാഗത്തേക്ക് യാത്ര ചെയ്യാനുമുള്ള എളുപ്പ മാർഗമായി മാറും ഈ വഴി.