isis

കാസർകോട് : ഐസിസിന്റെ കേരള കമാൻഡറെന്ന് അറിയപ്പെടുന്ന തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദ് അബ്ദുള്ളയും (30) ഭാര്യ എറണാകുളം സ്വദേശി ആയിഷ എന്ന സോണി സെബാസ്റ്റ്യനും മൂന്ന് മാസം മുമ്പ് അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന. അഫ്ഗാനിസ്ഥാനിലെ ഖൊറാസ്ഥാൻ പ്രവിശ്യയിൽ അമേരിക്കയുടെ ഡ്രോൺ (ആളില്ലാ വിമാനം) നടത്തിയ ബോംബാക്രമണത്തിൽ മൂന്നു പുരുഷന്മാരും രണ്ടു സ്ത്രീകളും നാലു കുട്ടികളുമടക്കം ഒമ്പതുപേർ കൊല്ലപ്പെട്ടെന്നാണ് സൂചന.

അബ്ദുള്ളയും ആയിഷയുമാണ് കേരളത്തിൽ നിന്ന് യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന്റെ മാസ്റ്റർ ബ്രെയിനായി പ്രവർത്തിച്ചിരുന്നത്. ഇയാൾ ഐസിസിൽ ചേർന്ന ശേഷവും വാട്സ് ആപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നു. ഇൻസ്റ്റഗ്രാമിലെ ഖലീഫത്ത്,​ മെസേജ് ടു കേരള എന്നീ പേജുകളിലൂടെയാണ് സന്ദേശങ്ങൾ വന്നിരുന്നത്. മൂന്ന് മാസമായി ഈ പേജുകളിലൂടെ മെസേജുകളൊന്നും വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ കൊല്ലപ്പെട്ടെന്ന സൂചന ലഭിച്ചത്. സംഭവത്തെക്കുറിച്ച് എൻ.ഐ.എ അന്വേഷണം ആരംഭിച്ചു.

അബ്ദുള്ള കൊല്ലപ്പെട്ടെന്ന സന്ദേശം വാട്‌സ്ആപ് ഗ്രൂപ്പിലും സംഘടനയുടെ ടെലിഗ്രാഫ് സന്ദേശങ്ങളിലും പ്രചരിക്കുന്നുണ്ട്. സിറിയയിലെ ഇംഗ്ലീഷ് പത്രവും ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ശ്രീലങ്കയിലുണ്ടായ ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്‌തതിന് പിന്നിൽ അബ്ദുള്ള ഉണ്ടായിരുന്നതായും സൂചന ഉണ്ടായിരുന്നു.

അബ്ദുള്ളയാണ് മൂന്നുവർഷം മുമ്പ് കാസർകോട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ നിന്ന് 21 പേരെ ഐസിസ് ക്യാമ്പിലെത്തിച്ചത്. കൊല്ലപ്പെട്ട അഞ്ചു പേരടക്കം തൃക്കരിപ്പൂർ, പടന്ന ഭാഗങ്ങളിലെ മലയാളികളെ ശ്രീലങ്കയിലൂടെ അഫ്ഗാനിലെത്തിച്ചതും ഇയാളായിരുന്നു. മാത്രമല്ല കൊല്ലപ്പെട്ട മലയാളികളുടെ വിവരവും അബ്ദുള്ളയാണ് നൽകിയിരുന്നത്. സിറിയ, കാബൂൾ എന്നിവിടങ്ങളിൽ താവളമടിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം.

കൊല്ലപ്പെട്ടെന്ന വിവരം വരുന്നതിനുമുമ്പ് ഇരുവരും കാബൂളിലുണ്ടെന്ന് എൻ.ഐ.എയ്ക്ക് വിവരം ലഭിച്ചിരുന്നു. അതേസമയം കൊല്ലപ്പെട്ടുവെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നാണ്

എൻ.ഐ.എയും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പറയുന്നത്.