കാസർകോട് : അബ്‌ദുൾ റാഷിദ് അബ്‌ദുള്ള (30) ഐസിസിന്റെ കേരള കമാൻഡറായാണ് അറിയപ്പെട്ടിരുന്നത്. അഫ്ഗാനിലെയും സിറിയയിലെയും പ്രധാന റിക്രൂട്ടിംഗ് തലവനായിരുന്ന ഇയാൾ നിരവധി മലയാളികളെയും ഐസിസിലെത്തിച്ചു.
ഉടുമ്പുന്തലയിലെ സാധാരണ കുടുംബത്തിലെ അംഗമായിരുന്ന റാഷിദിന്റെ ഭീകരതയിലേക്കുള്ള വളർച്ച പെട്ടെന്നായിരുന്നു. ആയിറ്റിയിൽ പീസ് സ്‌കൂളിലായിരുന്നു ജോലി. അമേരിക്കയോടുള്ള കടുത്ത നിലപാടാണ് ഐസിസിലേക്ക് ഇയാളെ ആകൃഷ്ടനാക്കിയത്. പിന്നീട് സ്‌കൂളിനെ മറയാക്കി തീവ്രവാദ പ്രവർത്തനവും വിശ്വാസികളെ ചൂഷണം ചെയ്യാൻ മതപഠനവും നടത്തി. രാത്രിയിൽ ഉടുമ്പുന്തലയിലെ വീട്ടിലും രഹസ്യമായി പലരെയും തീവ്രവാദ ആശയങ്ങളിൽ പരിശീലിപ്പിച്ചു.
ഐസിസ് തലവന്മാരുടെ നിർദ്ദേശ പ്രകാരം ശ്രീലങ്കയിലെ നാഷണൽ തൗഹീദ് ജമാഅത്തടക്കം വിവിധ രാജ്യങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകളുമായി റാഷിദ് ബന്ധപ്പെട്ടിരുന്നു. മലബാറിൽ നിന്ന് പോയ സംഘത്തിന് ശ്രീലങ്കയിൽ മതപഠനത്തിനുള്ള ഇടത്താവളം ഒരുക്കിയതും റാഷിദായിരുന്നു. ഐസിസിൽ ചേരുന്നതിന് കാസർകോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും പോകുന്നതിന് നാടുവിട്ട സംഘം മാസങ്ങളോളം ശ്രീലങ്കയിലെ തീവ്രവാദ സംഘടനയുടെ രഹസ്യ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരുന്നുവെന്ന് ഇന്റലിജൻസ് ബ്യൂറോയും എൻ.ഐ.എയും കണ്ടെത്തിയിരുന്നു. തുടർന്ന് തീവ്രമായ മതപഠനം പൂർത്തിയാക്കി യെമൻ വഴിയാണ് സംഘത്തെ ഐസിസിലേക്ക് വിട്ടത്. കാസർകോട്ടെ തൃക്കരിപ്പൂർ, പടന്ന ഭാഗങ്ങളിൽ നിന്ന് നാടുവിട്ട സംഘവും ശ്രീലങ്കയിൽ ഏറെക്കാലം തീവ്ര മതപഠനം നടത്തിയിരുന്നു.